സൂറത്ത് എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫ് ജവാന്‍ സര്‍വീസ് തോക്കുപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു. ഉച്ചയ്ക്ക് 2.10ന് എയര്‍പോര്‍ട്ടിലെ ശുചിമുറിയിലാണ് സംഭവം. ജയ്പൂര്‍ സ്വദേശിയായ കിസാന്‍ സിങ് (32) ആണ് മരിച്ചത്. വയറിലാണ് വെടിയേറ്റതെന്ന് ധുമാസ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എന്‍.വി.ഭര്‍വാദ് പറഞ്ഞു.
വെടിയേറ്റ കിസാന്‍ സിങ്ങിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുംമുന്‍പ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സേനയിലെ ആത്മഹത്യാനിരക്ക് 40 ശതമാനം കുറഞ്ഞുവെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് കിസാന്‍ സിങ്ങിന്‍റെ മരണം. 2023ല്‍ 25 ജവാന്മാര്‍ ആത്മഹത്യ ചെയ്തിടത്ത് 2024ല്‍ 15 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020നുശേഷം കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളില്‍ 730 ജവാന്മാര്‍ ആത്മഹത്യ ചെയ്തിരുന്നു. 2022ല്‍ സിഐഎസ്എഫിലെ ആത്മഹത്യാനിരക്ക് ഒരുലക്ഷം പേരില്‍ 18.1 എന്ന ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. 2023ല്‍ ഇത് 16.9 ആയും 2024ല്‍ 9.8 ആയും കുറഞ്ഞിരുന്നു.