കലാപം വ്യാപിക്കുന്നതിനിടെ മണിപ്പുരിലേക്ക് കൂടുതല്‍ അര്‍ധസൈനിക വിഭാഗങ്ങളെ അയച്ച് കേന്ദ്രസര്‍ക്കാര്‍. 20 കമ്പനി കേന്ദ്രസേനയെ ഉടനടി വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രലായം നിര്‍ദേശം നല്‍കി. ജിരിബാമില്‍നിന്ന് കാണാതായ ആറ് മെയ്തെയ് വിഭാഗക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞവര്‍ഷം മേയ് മുതല്‍ നിന്ന് കത്തുന്ന മണിപ്പുരില്‍ നിലവിലുള്ളത് 198 കമ്പനി കേന്ദ്രസേനയാണ്. ജിരിബാമിലെയും ഇംഫാല്‍ വെസ്റ്റിലെയും പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് 20 കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെക്കൂടി സംസ്ഥാനത്ത് വിന്യസിക്കുന്നത്. സിആര്‍പിഎഫില്‍നിന്ന് പതിനഞ്ചും ബിഎസ്എഫില്‍നിന്ന് അഞ്ചും കമ്പനി കേന്ദ്രസേനയാണ് അധിക സുരക്ഷയൊരുക്കുക. എയര്‍ലിഫ്റ്റ് ചെയ്ത് ഉടനടി വിന്യാസം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ രാത്രി വൈകി ഉത്തരവിറക്കി. തുടര്‍സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സംസ്ഥാന വ്യാപകമായി ജാഗ്രത തുടരുകയാണ്. ജിരിബാമില്‍നിന്ന് കാണാതായ ആറ് മെയ്തെയ് വിഭാഗക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു. സംസ്ഥാന വ്യാപകമായി 24 മണിക്കുര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് വിവിധ സാമൂഹ്യസംഘടനകള്‍.