നദിയില്‍ ഒഴുകിനടക്കുന്ന മൃതദേഹങ്ങള്‍ കണ്ടുകൊണ്ടാണ് ദിവസങ്ങള്‍ക്കു മുന്‍പ് മണിപ്പൂര്‍ ഉണര്‍ന്നത്. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലെ ആറുപേരുടെ ദേഹങ്ങളായിരുന്നു അത്. സംഭവത്തിന്‍റെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ഇപ്പോള്‍ പുറത്തുവരികയാണ്.
കൊല്ലപ്പെട്ടവരില്‍ പത്തുമാസം മാത്രം പ്രായമുള്ള ഒരു കൈക്കുഞ്ഞുണ്ടായിരുന്നു. ഈ കുഞ്ഞിന്‍റെയും മറ്റൊരു യുവതിയുടെയും കണ്ണുപോലും ശരീരത്തിലുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കുഞ്ഞിന്‍റെ രണ്ടു കണ്ണുകളും ചൂഴ്ന്നെടുക്കപ്പെട്ടു. കഴുത്തില്‍ ആഴമുള്ള മുറിവേറ്റ് തല വേര്‍പെട്ട നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞുദേഹം അഴുകിത്തുടങ്ങിയ നിലയിലാണ് പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ചത്.
തെലന്‍ തജാങ്ബീ എന്ന എട്ടുവയസ്സുകാരിയുടെ ശരീരമാസകലം വെടിയുണ്ട പാഞ്ഞുകയറിയിട്ടുണ്ട്. മുപ്പത്തിയൊന്നുകാരിയായ തെലം തോയ്ബീ എന്ന യുവതിയുടെ തലയോട്ടി തുളച്ചാണ് വെടിയുണ്ട പോയിരിക്കുന്നത്. ഇവരുടെ തലയോട്ടിയിലും എല്ലുകളിലും മാരക പരുക്കുണ്ട്. ഇവരുടെ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു എന്ന നടുക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ജിരിബാം ജില്ലയിലെ ബറാക് നദിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൂന്നുവയസ്സുകാരനായ ചിങ്ഖേയ്ങാബാ സിങ്, ഇരുപത്തിയഞ്ചുകാരി ഹെയ്തോന്‍ബീ, അറുപതുകാരി റാണി എന്നിവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇവരും അതിക്രൂരമായാണ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്.
മൂന്നുവയസ്സുകാരന്‍റെ വലതു കണ്ണ് നഷ്ടമായിരുന്നു. തലയോട്ടി തുളച്ച് വെടിയുണ്ട പോയിട്ടുണ്ട്. ശരീരമാസകലം മുറിവ്. നെഞ്ചില്‍ ആഴത്തിലുള്ള ചതവും പരുക്കും. കുഞ്ഞിന്‍റെ അമ്മ ഹെയ്തോന്‍ബീയുടെ ശരീരത്തില്‍ നിന്ന് അനേകം വെടിയുണ്ടകളാണ് കണ്ടെത്തിയത്. നെഞ്ചില്‍ മാത്രം മൂന്ന് വെടിയേറ്റിട്ടുണ്ട്. മൂന്നുവയസ്സുകാരന്‍ ചിങ്ഖേയ്ങാബാ സിങിന്‍റെ മുത്തശ്ശി റാണിയുടെ ശരീരത്തിലും വെടിയുണ്ടകള്‍ പാഞ്ഞുകയറിയിട്ടുണ്ട്. തലയോട്ടി തുളച്ചാണ് ഒരു വെടിയുണ്ട പോയത്. നെഞ്ചില്‍ രണ്ട് വെടിയുണ്ടകളും അടിവയറ്റിലും കയ്യിലും ഓരോ വെടിയുണ്ടകളും കണ്ടെത്തി.
കൊല്ലപ്പെട്ട ആറുപേരുടെയും മൃതദേഹങ്ങള്‍ പലപ്പോഴായിട്ടാണ് സില്‍ചാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അഞ്ചു മുതല്‍ ഏഴു ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നു മൃതദേഹങ്ങള്‍ക്ക്. കുക്കി വിഭാഗവും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെ നവംബര്‍ പതിനൊന്നിനാണ് ദുരിതാശ്വാസ ക്യാംപില്‍ നിന്ന് ഇവരെ ആറുപേരെയും കാണാതായത്.
ഇവരെ കൂടാതെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു പുരുഷന്മാരും മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. ലയ്സ്റാം ബാറന്‍ മെയ്തെയി (64), മെയ്ബാം കേശു (71) എന്നിവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. അതിക്രൂര ശാരീരിക പീഡനം നേരിട്ടാണ് ഇരുവരും കൊല്ലപ്പെട്ടത്. മെയ്ബാമിന്‍റെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. വലതുകൈയിലെ തൊലിയപ്പാടെ പൊളിഞ്ഞിളകിയിരുന്നു. തലയോട്ടിയില്‍ തീപടര്‍ന്ന് രണ്ടായി പിളര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു ലയ്സ്റാമിന്‍റെ ശരീരം.