ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ ഭീഷണി സന്ദേശത്തെ പറ്റിയുള്ള അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്. ബിഷ്ണോയ് സംഘത്തിൽനിന്നെന്ന വ്യാജേന വധഭീഷണി സന്ദേശം അയച്ച കേസിൽ സല്‍മാന്‍റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ് അറസ്റ്റിൽ. 24കാരനായ സൊഹൈൽ പാഷയെയാണ് കർണാടകയിലെ റൈച്ചുരിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സൽമാൻ ഖാന്റെ പുതിയ ചിത്രത്തിലെ ‘മേ സിക്കന്ദർ ഹൂം’ എന്ന പാട്ടിന്റെ രചയിതാവാണ് സൊഹൈൽ. താനും തന്റെ പാട്ടും പ്രശസ്തമാകുന്നതിനു വേണ്ടിയായിരുന്നു സൊഹൈല്‍ ഭീഷണി നാടകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
നവംബർ ഏഴിനാണ് മുംബൈ പൊലീസിന്റെ വാട്‌സാപ് ഹെൽപ് ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്. 'മേ സിക്കന്ദർ ഹൂം' പാട്ടിന്റെ എഴുത്തുകാരനെയും സൽമാൻ ഖാനെയും വധിക്കുമെന്നായിരുന്നു സന്ദേശം. അല്ലെങ്കില്‍ 5 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഗാനരചയിതാവിനെ ഇനി പാട്ടെഴുതാൻ കഴിയാത്തവിധം ആക്കുമെന്നും സൽമാന് ധൈര്യമുണ്ടെങ്കിൽ അയാളെ രക്ഷിക്കാനും സന്ദേശത്തിൽ പറഞ്ഞിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ റൈച്ചൂരിലുള്ള വെങ്കടേഷ് നാരായൺ എന്ന വ്യക്തിയുടെ ഫോണിൽ നിന്നുമാണ് സന്ദേശം വന്നതെന്ന് പൊലീസ് കണ്ടെത്തി.എന്നാല്‍ കര്‍ഷകനായ വെങ്കടേഷിന്റെ കൈയില്‍ സാധാരണ കീപാഡ് ഫോണായിരുന്നു ഉണ്ടായിരുന്നത്. ഈ ഫോണിൽ ഇന്റർനെറ്റ് കണക്ഷനും ഉണ്ടായിരുന്നില്ല. എന്നാൽ വാട്‌സാപ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഒടിപി നമ്പർ വെങ്കടേഷിന്റെ ഫോണിൽ വന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് അന്വേഷണത്തില്‍ വഴിതിരിവുണ്ടായത്. കൂടുതൽ ചോദ്യം ചെയ്യലില്‍ മാർക്കറ്റിൽ വച്ച് ഒരു അപരിചിതൻ കോൾ ചെയ്യാൻ തന്റെ ഫോൺ വാങ്ങിയിരുന്ന കാര്യം വെങ്കടേഷ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൊഹൈലാണ് വെങ്കടേഷിന്റെ ഫോൺ നമ്പര്‍ ഉപയോഗിച്ച് ഭീഷണി സന്ദേശം അയച്ചെന്ന് തെളിഞ്ഞു.
തന്റെ പാട്ടിന് കുറച്ചുകൂടി പ്രശസ്തിയും പണവും ലഭിക്കും എന്ന് കരുതിയാണ് സൊഹൈല്‍ ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറയുന്നു. സന്ദേശത്തിനുപിന്നില്‍ ബിഷ്‌ണോയ് സംഘമാണെന്ന് എല്ലാവരും കരുതിക്കോളും എന്നായിരുന്നു പാഷ വിചാരിച്ചിരുന്നത്. സൊഹൈലിനെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചു. ഇയാളെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അടുത്തിടെ സല്‍മാനെതിരെ അഞ്ച് ഭീഷണി സന്ദേശങ്ങളാണ് പൊലീസിന് ലഭിച്ചിരുന്നത്.