ബുള്‍ഡോസര്‍ രാജ് ഭരണഘടനാ വിരുദ്ധമെന്നും വീടുപൊളിച്ച് ശിക്ഷ നടപ്പാക്കരുതെന്നും സുപ്രീം കോടതി. ഭരണകൂടം കുറ്റക്കാരെയും ശിക്ഷയും തീരുമാനിക്കുന്ന ജഡ്ജിയാകരുത്. വീട് ഓരോരുത്തരുടെയും സ്വപ്നമാണെന്ന് ഓര്‍മിപ്പിച്ച കോടതി നിയമ വിരുദ്ധമായി കെട്ടിടം പൊളിക്കുന്ന ഉദ്യോഗസ്ഥര്‍ അവ സ്വന്തം ചെലവില്‍ നിര്‍മിച്ചുനല്‍കണമെന്നതുള്‍പ്പെടെ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു.
ക്രിമിനല്‍കുറ്റമാരോപിച്ച് വീടും വസ്തുവകകളും തകര്‍ക്കുന്ന ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്ന ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധമാണെന്ന അസനിഗ്ധമായി വ്യക്തമാക്കിയ കോടതി ഭരണകൂടത്തിന് നീതിന്യായ സംവിധാനത്തിന് പകരമാകാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കി. കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതൻ നിരപരാധിയാണ്, കുറ്റമാരോപിച്ച് സ്വത്ത് പൊളിക്കുന്നതും കുടുംബാംഗങ്ങൾക്കുകൂടി കൂട്ടശിക്ഷ നല്‍കുന്നതും ഭരണഘടനയും ധാർമ്മികതയും അനുവദിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ നിയമം കൈയിലെടുക്കുന്നതിൽ സര്‍ക്കാരും കുറ്റക്കാരാകും. ഉദ്യോഗസ്ഥരുടെ അധികാര ദുരുപയോഗം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ബി.ആര്‍.ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പാര്‍പ്പിടം പൗരന്‍റെ മൗലികാവകാശമാണ്. വീട് ഒരാളുടെ സ്വപ്നവും വർഷങ്ങളുടെ അധ്വാനത്തിന്‍റെ പ്രതീകവുമാകുന്നു. ഒറ്റരാത്രികൊണ്ട് വീടുപൊളിച്ച് സ്ത്രീകളും കുട്ടികളും റോഡിലിറക്കുന്നത് നല്ല കാഴ്ചയല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. 15 ദിവസം മുമ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ ശേഷമേ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാവു. പൊളിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കണം. പൊളിക്കുന്നതിന്‍റെ വിഡീയോ സൂക്ഷിക്കണം തുടങ്ങി കോടതി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഇവ പാലിക്കാത്ത കെട്ടിടം തകര്‍ത്താല്‍ ഉദ്യോഗസ്ഥര്‍ സ്വന്തം ചെലവില്‍ അവ പുനഃസ്ഥാപിക്കേണ്ടിവരും. ബുള്‍ഡോസര്‍ രാജ് നടത്തിയിരുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി വിധി കനത്ത പ്രഹരമാണ്.