TOPICS COVERED

സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ലാത്ത മണിപ്പുരില്‍ വിവിധയിടങ്ങളില്‍നിന്നായി ആയുധശേഖരം പിടിച്ചെടുത്തു. കുക്കികള്‍ തട്ടിക്കൊണ്ടുപോയ ആറ് മെയ്തെയ് വിഭാഗക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഒരാഴ്ചയ്ക്കിടെ 14 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.  

ജിരിബാം, ചുരാചന്ദ്പൂര്‍ ജില്ലകളില്‍നിന്നാണ് മോര്‍ട്ടാറുകളും ബാരല്‍ കാട്രിഡ്ജുകളും വിവിധ തരത്തിലുള്ള തോക്കുകളും തിരകളും പിടിച്ചെടുത്തത്. രണ്ട് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലായിരുന്നു മണിപ്പുര്‍ പൊലീസിന്‍റെ പരിശോധന. ബിഷ്ണുപൂരില്‍ അക്രമികള്‍ കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച കുക്കികള്‍ തട്ടിക്കൊണ്ടുപോയ ആറ് മെയ്തെയ് വിഭാഗക്കാര്‍ക്കായി സിആര്‍പിഎഫും പൊലീസും തിരച്ചില്‍ വിപുലപ്പെടുത്തി. കുക്കി വിഭാഗക്കാരിയായ വനിതയെ ചുട്ടുകൊന്ന നിലയില്‍ കണ്ടെത്തിയതിന് തിരിച്ചടിയായിട്ടാണ് മെയ്തെയ് വിഭാഗത്തിലെ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പുരുഷന്‍മാരെ തീകൊളുത്തി കൊന്ന നിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ച കുക്കി സായുധ സംഘാംഗങ്ങളടക്കം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 14 പേരാണ് കൊല്ലപ്പെട്ടത്. കുക്കികള്‍ക്കും മെയ്തെയ്കള്‍ക്കും സ്വാധീനമുള്ള മേഖലകളില്‍ ഇരുവിഭാഗവും റോഡ് ഉപരോധിച്ചതോടെ സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്.

ENGLISH SUMMARY:

Massive arms seizure in Manipur police report major operations