ചരിത്രം തിരുത്തിയാണ് ഈ വര്‍ഷത്തെ മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം 20കാരി റേച്ചല്‍ ഗുപ്‌ത ഇന്ത്യയിലെത്തിച്ചത്. അതുവരെ മിസ് ഗ്രാന്‍ഡ് ഇന്‍റര്‍നാഷണല്‍ കിരീടം ചൂടാത്ത ഇന്ത്യക്ക് അതൊരു സുവര്‍ണ നേട്ടമായിരുന്നു. 2021 ല്‍ ഹര്‍നാസ് കൗര്‍ സന്ധുവിനു ശേഷം വിശ്വസുന്ദരിപ്പട്ടം തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് കരുത്തും ഊര്‍ജവും പകരുന്നതായിരുന്നു റേച്ചല്‍ ഗുപ്‌തയുടെ നേട്ടം. ഏറെ പ്രതീക്ഷയോടെയായിരുന്നു 19കാരി റിയ സിംഗ മല്‍സരത്തിനായി മെക്സിക്കോയ്ക്ക് വിമാനം കയറിയതും. മികച്ച പ്രകടനത്തോടെ വേദിയില്‍ കയ്യടി വാങ്ങിയെങ്കിലും ടോപ് 12ല്‍ ഇടം പിടിക്കാന്‍ റിയ്‌ക്ക് സാധിച്ചില്ല. മല്‍സരത്തിനൊടുവില്‍ ലോകം ഉറ്റുനോക്കിയ വിശ്വസുന്ദരി കിരീടം ഡെന്മാര്‍ക്കിന്‍റെ വിക്ടോറിയ കെയ തേല്‍വിഗ് സ്വന്തമാക്കി. ഹ്യൂമന്‍ ബാര്‍ബി എന്ന് വിളിപ്പേരുളള ഡാനിഷ് സുന്ദരിയുടെ കിരീടത്തിലേക്കുളള യാത്ര ഇങ്ങനെ.
കിരീടത്തിലേക്കുളള യാത്ര
വിക്ടോറിയ കെയ തേല്‍വിഗ്. പ്രായം 20. മോഡല്‍, പ്രൊഫഷ്ണല്‍ ഡാന്‍സര്‍, സംരംഭക, മെന്‍റല്‍ ഹെല്‍ത്ത് അഡ്വക്കേറ്റ് എന്നീ മേഖലകളില്‍ മികവ്. കൂടാതെ നിയമ വിദ്യാര്‍ഥിനിയും. വിശേഷണങ്ങള്‍ ഏറെയാണ് ഈ ഡാനിഷ് സുന്ദരിക്ക്. ഡെന്‍മാര്‍ക്കിലെ ഹെര്‍ലേവില്‍ നിന്നും വിശ്വസൗന്ദര്യ മല്‍സരവേദിയിലേക്കുളള വിക്ടോറിയയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. തരണം ചെയ്‌തത് ഒട്ടേറെ പ്രതിസന്ധികളെ. ചെറുപ്രായത്തില്‍ തന്നെ ലൈംഗികാത്രിക്രമത്തിന്‍റെ ഇര. ലഹരിയില്‍ മുങ്ങിപ്പോയ കുടുബത്തിലെ അതിജീവിതയെന്നും വിക്ടോറിയയെ വിശേഷിപ്പിക്കാം. തന്‍റെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് വിക്ടോറിയയെ 73മത് വിശ്വസൗന്ദര്യ റാണി മല്‍സര വേദിയില്‍ എത്തിച്ചത്. മെക്‌സിക്കോ സിറ്റിയിലെ അരീന സി.ഡി.എം.എക്‌സില്‍ നടന്ന മല്‍സരത്തില്‍ ലോകരാജ്യങ്ങളെ പ്രതിനിധീകരിച്ച് 125 സൗന്ദര്യറാണിമാരാണ് പങ്കെടുത്തത്.
വിജയകിരീടത്തിനരികെ
73ാമത് മിസ് യൂണിവേഴ്സ് മല്‍സരത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത മല്‍സരാര്‍ഥികളുടെ എണ്ണം തന്നെയായിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ മാറ്റുരച്ച വര്‍ഷം എന്ന റെക്കോര്‍ഡും ഈവര്‍ഷത്തെ മല്‍സരം സ്വന്തമാക്കി. മുന്‍വര്‍ഷത്തേതിനേക്കാള്‍ 40ലധികം സുന്ദരിമാരാണ് ഈ വര്‍ഷം മാറ്റുരച്ചത്. മിസ് യൂണിവേഴ്സ് ചരിത്രത്തില്‍ പുതിതായി അവതരിപ്പിച്ച 13ാമത്തെ കിരീടമായിരുന്നു ഈ വര്‍ഷം ജേതാവിനെ അണിയിച്ചത്. ലൈറ്റ് ഓഫ് ഇന്‍ഫിനിറ്റി അഥവാ പ്രകാശത്തിന്‍റെ അനന്തത എന്നാണ് ഈ കിരീടത്തിന് നല്‍കിയ പേര്. ഫൈനല്‍ റൗണ്ട് മല്‍സരത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുതിയ മിസ് യൂണിവേഴ്സ് കിരീടം ലോകത്തിന് പരിചയപ്പെടുത്തിയത്. ഫ്രഞ്ച് ഫിലിപ്പിനോ ജ്വല്ലറി ബ്രാന്‍ഡായ ജ്വല്‍മറാണ് ഈ വിശ്വസൗന്ദര്യ കിരീടം നിര്‍മിച്ചത്. സൗത്ത് സീ പേള്‍സ്, ഡയമണ്ട്സ് എന്നിവകൊണ്ട് തയ്യാറാക്കിയ കിരീടം. ഐക്യവും, പ്രകൃതിയുടെ സൗന്ദര്യവും മുന്‍നിര്‍ത്തിയായിരുന്നു കിരീടത്തിന്‍റെ രൂപകല്‍പന. സ്ത്രീ ശാക്തീകരണം, ജീവിതം, പ്രത്യാശ എന്നീ ഘടകങ്ങളെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയാണ് വിശ്വസൗന്ദര്യറാണി കിരീടത്തിലൂടെ ലക്ഷ്യമിടുന്നത്.
നവംബര്‍ 16നായിരുന്നു സൗന്ദര്യമല്‍സരത്തിന്‍റെ ഫൈനല്‍ റൗണ്ട്. നവംബര്‍ 14ന് പ്രാഥമിക മല്‍സരങ്ങള്‍ നടന്നു. 125പേരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 മല്‍സരാര്‍ഥികളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആ 30 പേരില്‍ ഇന്ത്യയുടെ റിയ സിംഗയും ഉള്‍പ്പെട്ടു. നാഷ്ണല്‍ കോസ്റ്റ്യൂം റൗണ്ടില്‍ ദി ഗോള്‍ഡന്‍ ബേര്‍ഡ് അഥവാ സ്വര്‍ണപ്പക്ഷിയുടെ വേഷമണിഞ്ഞാണ് റിയ വേദിയിലെത്തിയത്. ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തെയും സമ്പല്‍ സമൃദ്ധിയെയും പ്രതിനിധീകരിക്കുന്നതായിരുന്നു ഗോള്‍ഡന്‍ ബേര്‍ഡ് തീം. കിരീടം ചൂടിയ ഡെന്‍മാര്‍ക്ക് സുന്ദരി നോര്‍സ് പുരാണത്തെ അടിസ്ഥാനത്തിലുളള വൈക്കിങ് ദേവതയെയാണ് നാഷ്ണല്‍ കോസ്റ്റ്യൂം റൗണ്ടില്‍ അവതരിപ്പിച്ചത്. ശക്തി, ജ്ഞാനം, സാഹസികത എന്നിവയെ പ്രതിനിധീകരിക്കുന്ന വൈക്കിങ് ദേവത സദസ്സില്‍ നിറഞ്ഞ കയ്യടി നേടി.
അവസാന മണിക്കൂറുകള്‍
സ്വിം സ്വൂട്ട് റൗണ്ടും, ഈവനിങ് ഗൗണ്‍ റൗണ്ടുമായിരുന്നു ടോപ്പ് 12ലേക്കുള്ള വാതില്‍ തുറന്നത്. ഉടലഴകിന്‍റെയും റാംപ് വാക്കിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും മികവളക്കുന്ന സ്വിം സ്വൂട്ട് റൗണ്ടില്‍ ഇന്ത്യയുടെ റിയ സിംഗ് മികച്ച പ്രകടനം കാഴ്ച്ചവച്ചെങ്കിലും ടോംപ് 12ല്‍ ഇടം നേടാനാകാതെ പിന്തളളപ്പെട്ടു. ഇതോടെ ഇന്ത്യയുടെ കിരീടപ്രതീക്ഷ അസ്തമിച്ചു. അവസാന 12ലെത്തിയത് ബൊളീവിയ, മെക്സിക്കോ, വെനസ്വേല, അര്‍ജന്‍റീന, പ്യൂര്‍ട്ടോ റിക്കോ, നൈജീരിയ, റഷ്യ, ചിലി, തായ്ലന്ഡ്, ഡെന്‍മാര്‍ക്ക്, കാനഡ, പെറു എന്നീ രാജ്യങ്ങള്‍. ഈവനിങ് ഗൗണില്‍ തിളങ്ങിയ 12 സൗന്ദര്യ റാണിമാരില്‍ നിന്നും ഫൈനല്‍ റൗണ്ടിലേക്ക് ഇടം നേടിയത് 5പേര്‍ .. നൈജീരിയ, മെക്സിക്കോ, ഡെന്‍മാര്‍ക്ക്, തായ്ലന്ഡ്, വെനസ്വേല എന്നീ രാജ്യങ്ങളാണ് ടോപ് 5ല്‍ മാറ്റുരച്ചത്.
കിരീടത്തിലേക്ക് നയിച്ച ചോദ്യം
തലമുറകളായി മിസ് യൂണിവേഴ്സ് സ്ത്രീകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്നവരോട് ഈ നിമിഷം നിങ്ങള്‍ക്കെന്താണ് പറയാനുളളത്. ഇതായിരുന്നു ഡെന്‍മാര്‍ക്ക് സുന്ദരി വിക്ടോറിയ കെയ തേല്‍വിഗ് നേരിട്ട ചോദ്യം. അതിന് ആ 20കാരി നല്‍കിയ ഉത്തരം ഇങ്ങനെ.. നിങ്ങള്‍ എവിടെ നിന്നുള്ളവരാണ് എന്നതോ നിങ്ങളുടെ ഭൂതകാലം എന്താണ് എന്നതോ ഒന്നും പ്രശ്‌നമല്ല. അതിനെയെല്ലാം നിങ്ങള്‍ക്ക് നിങ്ങളുടെ കരുത്താക്കി മാറ്റാം. നിങ്ങള്‍ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുക. മാറ്റം വേണം എന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എനിക്ക് ചരിത്രം സൃഷ്ടിക്കണം. ഇന്നത്തെ രാത്രിയില്‍ ഞാന്‍ ചെയ്യുന്നത് അതാണ്. അതിനാല്‍ ഒരിക്കലും തളരരുത്. നിങ്ങളിലും നിങ്ങളുടെ സ്വപ്‌നങ്ങളിലും വിശ്വസിക്കുക.' -വിക്ടോറിയ പറഞ്ഞുനിര്‍ത്തി. നീട്ടി വലിക്കാതെ അളന്നുമുറിച്ച് ഉറച്ച ശബ്ദത്തോടെയും ആത്മവിശ്വാസത്തോടെയും പറഞ്ഞ ആ ഉത്തരത്തിന് സദസ്സില്‍ നിറകയ്യടി. പ്രതിരോധത്തിന്റേയും പ്രതീക്ഷയുടേയും ശക്തമായ സന്ദേശമായി മാറി വിക്ടോറിയയുടെ മറുപടി. കിരീടം എങ്ങോട്ടെന്ന ചോദ്യത്തിന് പിന്നീട് അധികം ചിന്തിക്കേണ്ടി വന്നില്ല. ശ്വാസം അടക്കിപ്പിടിച്ച് ലോകം കാതോര്‍ത്തു. അവസാനം ആ പേര് തന്നെ മുഴങ്ങി. മിസ് യൂണിവേഴ്സ് 2024 മിസ് ഡെന്‍മാര്‍ക്ക്. ഡെന്‍മാര്‍ക്കിന്‍റെ ചരിത്രത്തിലെ ആദ്യത്തെ മിസ് യൂണിവേഴ്സ് കിരീടമാണ് വിക്ടോറിയ കെയ തേല്‍വിഗ് സ്വന്താമാക്കിയത്. 2023 ലെ മിസ് യൂണിവേഴ്സ് പട്ടം നേടിയ നിക്കരാഗ്വയിൽ നിന്നുള്ള ഷെയ്‌ന്നിസ് പാലാസിയോസ് വിക്ടോറിയെ കിരീടം അണിയിച്ചു.
നൈജീരിയയിൽ നിന്നുള്ള ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണറപ്പ് കിരീടവും മെക്സിക്കോയിൽ നിന്നുള്ള മരിയ ഫെർണാണ്ട ബെൽട്രാൻ സെക്കന്റ് റണ്ണറപ്പ് കിരീടവും സ്വന്തമാക്കി. അങ്ങനെ ഇനി ഒരു വര്‍ഷക്കാലം വിശ്വസൗന്ദര്യകിരീടം ഡെന്‍മാര്‍ക്കിന് സ്വന്തം.