തെലുങ്ക് ജനതയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ നടി കസ്തൂരിക്ക് തിരിച്ചടി. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷാണ് കസ്തൂരിയുടെ ഹര്‍ജി തള്ളി ഉത്തരവിട്ടത്. അധിക്ഷേപ പരാമര്‍ശത്തില്‍ മധുരയിലെ തിരുനഗര്‍ പൊലീസ് താരത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാനത്തിന്‍റെ പുരോഗതിയില്‍ ബ്രാഹ്മണര്‍ വഹിച്ച പങ്കിനെ കുറിച്ചാണ് താന്‍ യോഗത്തില്‍ സംസാരിച്ചതെന്നും വാക്കുകളെ രാഷ്ട്രീയ പ്രതിയോഗികള്‍ വളച്ചൊടിച്ച് വ്യാഖ്യാനിച്ചതാണെന്നുമാണ് ഹര്‍ജിയില്‍ നടി വാദിച്ചത്. തെലുങ്ക് ജനതയെ താന്‍ അപമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടിലെത്തിയ തെലുങ്കരെ തമിഴരായാണ് പരിഗണിച്ചിരുന്നതെന്നും ബ്രാഹ്മണര്‍ക്ക് അവരെ തമിഴരെന്ന് കരുതാതിരിക്കാനാവില്ലെന്നുമായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. വാക്കുകള്‍ വിവാദമായതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ വഴി താരം ഖേദം പ്രകടിപ്പിച്ചിരുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മാപ്പ് പറയുന്നതായും അവര്‍ വ്യക്തമാക്കി.
ഭിന്നിപ്പിക്കാനുള്ള ഡിഎംകെയുടെ ശ്രമമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ ആരോപിച്ചിരുന്നു. കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അറസ്റ്റ് ഉറപ്പായതിന് പിന്നാലെ താരം ഒളിവിലാണ്. ചെന്നൈയിലെ വീട്ടില്‍ പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും വീട് പൂട്ടിയ നിലയില്‍ ആയിരുന്നു. മൊബൈല്‍ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ്.