സര്‍വപരിധികളും കടന്ന് മണിപ്പുര്‍ കലാപം. സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 10 കുക്കി സായുധ സംഘാംങ്ങളുടെ മൃതദേഹം കുക്കികളുടെ പ്രതിഷേധത്തിനൊടുവില്‍ വിട്ടുകൊടുത്തു. കാണാതായ മെയ്തെയ് കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ മെയ്തെയ് ഭൂരിപക്ഷമേഖലകളിലെ സ്ഥിതി സ്ഫോടനാത്മകമാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അസം – മണിപ്പുര്‍ അതിര്‍ത്തിയായ ജിരിബാമില്‍ പൊലീസ് സ്റ്റേഷനും സിആര്‍പിഎഫ് ക്യാംപും ലക്ഷ്യമിട്ട് ആക്രമണം നടത്തിയ 10 കുക്കികളെ സിആര്‍പിഎഫ് വധിച്ചത്. അന്നുമുതല്‍ ഇവരുടെ മൃതദേഹം സൂക്ഷിച്ചിരുന്നത് അസമിലെ സില്‍ച്ചാറിലുള്ള ആശുപത്രിയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷവും ഇവരുടെ മൃതദേഹം വിട്ടുനല്‍കിയിരുന്നില്ല. ഇതോടെയാണ് കുക്കികളിലെ മാര്‍ ഗോത്രവിഭാഗത്തിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചത്. സംഘര്‍ഷത്തില്‍ അസം പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും നാല് മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു, പ്രതിഷേധക്കാര്‍ വ്യാപക ആക്രമണമാണ് ആശുപത്രിക്ക് മുന്‍പില്‍ അഴിച്ചുവിട്ടത്.
മൃതദേഹം വ്യോമമാര്‍ഗം ചുരാചന്ദ്പൂരിലെത്തിക്കാന്‍ ധാരണയായെന്നാണ് വിവരം. അതിനിടെ കുക്കികള്‍ തട്ടിക്കൊണ്ടുപോയ മെയ്തെയ് കുടുംബത്തിലെ ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ ജിരി പുഴയില്‍നിന്ന് കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇനിയും മൂന്നുപേരുടെ കൂടെ മൃതദേഹങ്ങള്‍ കണ്ടാത്താനുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്‍മാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സില്‍ച്ചാറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മെയ്തെയ് വനിതകള്‍ ഇംഫാലില്‍ പ്രതിഷേധ പ്രകടനം നടത്തി. അതിനിടെ ബിഷ്ണുപൂരില്‍ സുരക്ഷാസേനയെ ലക്ഷ്യമിട്ട് കുന്നിന്‍മുകളില്‍നിന്ന് വെടിവയ്പ്പുണ്ടായി. കലാപം വീണ്ടും കൈവിട്ടതോടെ അക്രമികളോട് വിട്ടുവീഴ്ചവേണ്ടെന്ന് കേന്ദ്രസേനാംഗങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്തു.