Image Credit: Twitter

ഉത്തര്‍പ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് സ്വന്തം കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി പിതാവ്. താന ഗോര്‍പുര സ്വദേശിയായ കൃപറാമിനാണ് തീപിടുത്തത്തില്‍ ദിവസങ്ങള്‍ മാത്രം പ്രായമുളള പിഞ്ചോമനയെ നഷ്ടമായത്. തീ ആളിപ്പടര്‍ന്നപ്പോള്‍ എന്‍ഐസിയുവിലേക്ക് ഓടി നിരവധി കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിച്ചെങ്കിലും സ്വന്തം കുഞ്ഞിനെ മാത്രം കൃപറാമിന് കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലുള്ള മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ 10 നവജാത ശിശുക്കളാണ് വെന്തുമരിച്ചത്. രക്ഷപ്പെടുത്തിയ 35ഓളം കുട്ടികളില്‍ പലരും 40 ശതമാനത്തിലേറെ പൊളളലേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ ശാന്തി ദേവിയെ കൃപറാം മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജില്‍ പ്രസവശുശ്രൂഷകള്‍ക്കായി അഡ്മിറ്റ് ചെയ്തത്. എന്നാല്‍ പ്രസവശേഷം ഭാര്യ ശാന്തി ദേവിയെ ആശുപത്രിയില്‍ നിന്നും കാണാതെയായി. തുടര്‍ന്നുളള അന്വേഷണങ്ങള്‍ക്കിടെയാണ് എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞ് അപകടത്തിലാണെന്ന് അറിയുന്നത്. ഓടി എന്‍ഐസിയുവില്‍ എത്തിയെങ്കിലും ആളിപ്പടര്‍ന്ന തീയ്ക്കും പുകയ്ക്കും ഇടയില്‍ നിന്നും സ്വന്തം കുഞ്ഞിനെ കണ്ടെത്താനായില്ല. പക്ഷേ ചുരുങ്ങിയ സമയത്തിനുളളില്‍ തന്നാല്‍ കഴിയുന്നത്ര കുട്ടികളെ കൃപറാം സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.

ആശുപത്രി പരിസരത്തും മറ്റും നടത്തിയ തിരച്ചിലിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചില്ല. വൈകി വിവാഹിതനായ തനിക്ക് ഇരട്ടി സന്തോഷം പകര്‍ന്നുകൊണ്ട് കുഞ്ഞ് ജീവിതത്തിലേക്ക് കടന്നുവന്നതെന്നും ആ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നെന്നും കൃപറാം പറയുന്നു. അതേസമയം തീപിടുത്തത്തില്‍ മരിച്ച 10 കുട്ടികളില്‍ 7 പേരെ മാതാപിതാക്കളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. 3 പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല രക്ഷപ്പെടുത്തിയ കുട്ടികളെ മാറിയാണ് ആശിപത്രി അധികൃതര്‍ നല്‍കിയതെന്ന പരാതിയുമായി മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തി.  സംഭവത്തെ കുറിച്ച് 12 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ത്സാൻസി ഡിവിഷണൽ കമ്മിഷണർ, മേഖലാ ഡെപ്യൂട്ടി ഐജി എന്നിവർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. അതേസമയം ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. തീപിടിത്തത്തില്‍ യുപി സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു.