ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ചരിത്രം കുറിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി-20യില്‍ മൂന്ന് സെഞ്ചറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സഞ്ജു തന്‍റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തത്. 56 പന്തുകള്‍ നേരിട്ട സഞ്ജു 9 സിക്സറുകളും 6 ഫോറുമടക്കം ഇന്ത്യക്കായി 109 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു തുടങ്ങിവച്ച ആക്രമണം തിലക് ഏറ്റെടുത്ത് അതിഗംഭീരമായി പൂര്‍ത്തിയാക്കി. ഇപ്പോഴിതാ കരിയറിലെ ഏറ്റവും വലിയ ഉയര്‍ത്തെഴുനേല്‍പ്പിന് സഞ്ജുവിന് ആശംസകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ ലോകം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20യില്‍ സഞ്ജു സെഞ്ചറി നേടിയിരുന്നു. അതിനുശേഷം രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡക്ക് വന്നതോടെ കലണ്ടര്‍ വര്‍ഷം അഞ്ച് വട്ടം ഡക്കായി പുറത്താവുന്ന രണ്ടാമത്തെ താരം എന്ന നാണക്കേടിന്റെ റെക്കോര്‍ഡും സഞ്ജുവിന്‍റെ പേരിലായി. പിന്നീട് വിമര്‍ശനങ്ങളുടെ ഘോഷയാത്രയാണ് സഞ്ജുവിന് നേരിടേണ്ടിവന്നത്. ട്രോളുകളിലും സഞ്ജു നിറഞ്ഞു നിന്നു. എന്നാലിപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കെല്ലാം മിന്നും ജയം കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ പൊന്‍മുത്ത് സഞ്ജു സാംസണ്‍.
ഒന്നുകില്‍ പൂജ്യം അല്ലെങ്കില്‍ നൂറ്, സഞ്ജു ചേട്ടാ,നിങ്ങളെ അങ്ങോട്ട് മനസിലാകുന്നില്ല, ചെക്കന്‍ പൊളി, എന്നിങ്ങനെയാണ് സോഷ്യല്‍ ലോകത്തെ കമന്‍റുകള്‍. പൂജ്യം ഒന്നിന്‍റെയും അവസാനമല്ലെന്ന് ഒരു ആരാധകന്‍ കുറിച്ചപ്പോള്‍, തിരുമ്പി വന്തിട്ടേന്ന് സൊല്ല് എന്നായിരുന്നു മറ്റൊരു ആരാധകന്‍ കമന്‍റ്. സോഷ്യല്‍ വാളുകള്‍ കീഴടക്കുകയാണ് ലോക റെക്കോര്‍ഡ് കുറിച്ച മലയാളി താരം. അതേസമയം സഞ്ജുവിനൊപ്പം തന്നെ കയ്യടി നേടുന്ന താരമാണ് തിലക് വര്‍മ. ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്കോര്‍ നേടിത്തന്നത് സഞ്ജുവും തിലകും ചേര്‍ന്നാണ്. ജൊഹാനസ്ബർഗില്‍ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തപ്പോള്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചറിയെന്ന നേട്ടവും തിലക് സ്വന്തമാക്കി. വെറും 47 പന്തില്‍ 10 സിക്സറുകളും 9 ബൗണ്ടറികളുമടക്കം തിലക് വാരിക്കൂട്ടിയത് 120 റണ്‍സ്. അഭിഷേക് ശര്‍മയുടെ അമിതാവേശം വിക്കറ്റ് കളഞ്ഞുകുളിച്ചപ്പോഴാണ് തിലക് സഞ്ജുവിനൊപ്പം ചേര്‍ന്നത്. പിന്നെ പിറന്നത് ചരിത്രം.