kailashgahlot

TOPICS COVERED

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി ഡല്‍ഹി  മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു. പാര്‍ട്ടി ജനങ്ങളില്‍നിന്ന് അകന്നുവെന്ന വിമര്‍ശനമുന്നയിച്ച ഗെലോട്ട് ബിജെപിയില്‍ ചേര്‍ന്നേക്കും. ഗെലോട്ടിന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി അതിഷി ഏറ്റെടുക്കും. രാജി സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍  ഡല്‍ഹി ബിജെപി മുന്‍ ഉപാധ്യക്ഷന്‍ അനില്‍ ഝായെ അംഗത്വം നല്‍കി എഎപിയിലേക്ക് സ്വാഗതം ചെയ്തു.  

 

സ്ഥാപക നേതാവും പാര്‍ട്ടിയിലെ ജാട്ട് മുഖവുമായ കൈലാഷ് ഗെലോട്ടിന്‍റെ രാജി എഎപിയെ ഞെട്ടിച്ചു. ജനങള്‍ക്കായി പോരാടാതെ പരസ്പരം പോരടിക്കുകയാണ് എഎപിയെന്ന് രാജിക്കത്തില്‍ ഗെലോട്ട് .യമുന നദി വൃത്തിയാക്കാന്‍ കഴിയാത്തതിനെയും കെജ്രിവാള്‍ താമസിച്ചിരുന്ന ഔദ്യോഗിക വസതി കോടികള്‍ മുടക്കി മോടിപിടിപ്പിച്ചതിനെയും ഗെലോട്ട് വിമര്‍ശിക്കുന്നു. കേന്ദ്രസര്‍ക്കാരുമായി നിരന്തരം തര്‍ക്കിച്ചുകൊണ്ടിരുന്നാല്‍ ഡല്‍ഹിയിലെ വികസനം സാധ്യമാകില്ലെന്നും ഗെലോട്ട് രാജി കത്തില്‍ പറയുന്നു. വനിതകള്‍ക്ക് സൗജന്യ യാത്ര, ഇലക്ട്രിക് ബസുകള്‍ തുടങ്ങിയ പ്രധാന പദ്ധതികളില്‍ വലിയ പങ്ക് വഹിച്ച  ഗെലോട്ടിന്റെ രാജിയില്‍ പ്രതികരിക്കാന്‍ അരവിന്ദ് കെജ്രിവാഴ്‍ തയ്യാറായില്ല. രാജി ഇഡിയെ വച്ചുള്ള ബിജെപി സമ്മര്‍ദ്ദത്താലെന്ന് പാര്‍ട്ടി വക്താവ്  ദുർഗേഷ് പഥക്.

ഡൽഹി ബിജെപി   ഉപാധ്യക്ഷനും രണ്ട് തവണ എംഎല്‍എയുമായിട്ടുള്ള പൂര്‍വാഞ്ചല്‍ നേതാവ് അനില്‍ ഝായുടെ പാര്‍ട്ടി പ്രവേശനത്തിലൂടെ ഗെലോട്ടിന്റെ രാജിയെ മറികടക്കാനാണ് എഎപി ശ്രമം. ഗെലോട്ടിന്റെ രാജി തുടക്കം മാത്രമെന്ന് ബിജെപിയും എഎപി മുങ്ഹാന്‍ പോകുന്ന കപ്പലെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു. നജഫ്‌ഗഡ് എംഎല്‍എയായ കൈലാഷ് ഗെലോട്ട് ഗതാഗതം, നിയമം, ഐടി, ആഭ്യന്തരം തുടങ്ങിയ വകുപ്പുകള്ളാണ് കൈകാര്യം ചെയ്തിരുന്നത്. ഡിടിസി ബസ് അഴിമതിക്കേസില്‍ ആരോപണം നേരിടുകയും  മദ്യനയ അഴിമതിക്കേസില്‍ ഇഡി ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Delhi Minister Kailash Gehlot has resigned in a major blow to the Aam Aadmi Party as the assembly elections are about to take place. Gehlot, who criticized the party for being distant from the people, may join the BJP