ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ഏറ്റവും മോശമായ നിലയില്‍. നഗരമേഖലയാകെ വിഷപ്പുക മൂടി. മലിനീകരണം കുറയ്ക്കാന്‍ പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. വായുനിലവാരം മെച്ചപ്പെട്ടാലും നിയന്ത്രണങ്ങള്‍ എടുത്തുകളയരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. മലിനീകരണത്തിന് ഉത്തരവാദിയാരെന്നതിനെ ചൊല്ലി ബി.ജെ.പി– എ.എ.പി വാക്പോരും രൂക്ഷമായി.
സീസണിലെ ഏറ്റവും മോശം അവസ്ഥയിലാണ് രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം. ശ്വാസതടസത്തെ തുടര്‍ന്ന് ചികില്‍ സതേടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഒന്നുമുതല്‍ ഒന്‍പതുവരെ ക്ലാസുകളും പതിനൊന്നാം ക്ലാസും പൂര്‍ണമായി ഓണ്‍ലൈനാക്കി. കാഴ്ചപരിധി കുറഞ്ഞതിനാല്‍ ട്രെയിനുകള്‍ പലതും വൈകിയാണ് സര്‍വീസ് നടത്തുന്നത്. വിമാനങ്ങള്‍ വൈകാന്‍ ഇടയുണ്ടെന്ന് എയര്‍ലൈനുകളും അറിയിച്ചു.
നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിരോധിച്ചു. വലിയ ട്രക്കുകളും ബി.എസ്. 4 ഡിസല്‍ വാഹനങ്ങളും നഗരത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ വൈകിയതെന്തുകൊണ്ടെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചു.
അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ വയല്‍ മാലിന്യം കത്തിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇത് തടയാന്‍ കേന്ദ്രം നടപടിയെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി അതിഷി ആരോപിച്ചു. പഞ്ചാബില്‍ ഇന്നലെ മാത്രം നാനൂറിലധികം വയലുകളില്‍ തീയിട്ടതായി റിപ്പോര്‍ട്ടുണ്ട്. എ.എ.പി സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് മലിനീകരണം വര്‍ധിക്കാന്‍ കാരണമെന്ന് BJP കുറ്റപ്പെടുത്തി. സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയുടെ നേതൃത്വത്തില്‍ നഗരത്തില്‍ മാസ്ക് വിതരണം ചെയ്തു.