ഡല്‍ഹിയിലും ഗുജറാത്ത് തീരത്തുനിന്നുമായി ശതകോടികളുടെ ലഹരിവേട്ട. ഡല്‍ഹിയില്‍ 900 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി. ഗുജറാത്ത് തീരത്ത് കടലില്‍ മല്‍സ്യബന്ധ ബോട്ടില്‍നിന്ന് 700 കിലോ ഗ്രാം മെത്താംഫെറ്റമിനും പിടിച്ചെടുത്തു. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ലഹരി വേട്ട നടത്തിയത്.
ഒരൊറ്റദിനം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയത് രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകള്‍. ഡല്‍ഹിയില്‍ കൊറിയര്‍ കമ്പനിയില്‍നിന്നാണ് 900 കോടിയിലേറെ രൂപ വിലമതിക്കുന്ന 82.53 കിലോ ഗ്രാം ഹൈ ഗ്രേഡ് കൊക്കെയിന്‍ പിടിച്ചെടുത്തത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളാണ് പിടിയിലായത്. പോര്‍ബന്തറില്‍ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് 700 കിലോയിലേറെ മെത്താംഫെറ്റമിനും പിടികൂടിയത്.
നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും നാവികസേനയും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. എട്ട് ഇറാന്‍ പൗരന്മാര്‍ അറസ്റ്റിലായി. മല്‍സ്യബന്ധന യാനത്തില്‍ പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 700 കിലോയിലേറെ മെത്താംഫെറ്റമിന്‍. രണ്ടിടത്തേയും ലഹരി വേട്ടകളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്‍സിബിയെ അഭിനന്ദിച്ചു. ബിഹാറിലെ മുസഫര്‍പൂരില്‍നിന്ന് 42 കോടി രൂപയുടെ 4.2 കിലോ കൊക്കെയ്നുമായി ഒരാളെ ഡിആര്‍ഐ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബില്‍ ജലന്ധറില്‍ നിന്നാണ് 1,400 കിലോഗ്രാം കറുപ്പ് പൊലീസ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ലഹരി കടത്താന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിടികൂടി