പരീക്ഷാ തട്ടിപ്പുകൾക്ക് കൂച്ചുവിലങ്ങിടാൻ CBSE. 2025ലെ 10, 12 ബോർഡ് പരീക്ഷകളിൽ ആൾമാറാട്ടക്കാരെ പിടികൂടാൻ ഹൈടെക് സുരക്ഷാ നടപടികൾ കൊണ്ട് വരും. 20 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
ചോദ്യപേപ്പർ ചോര്‍ച്ചയും ആൾമാറാട്ടവും തുടർക്കഥയാകുന്നതിന് തടയിടാന്‍ ശക്തമായ നടപടികള്‍ക്കൊരുങ്ങുകയാണ് CBSE. ഡിജിറ്റൽ ഫിംഗർപ്രിന്റ് ക്യാപ്ചറിംഗ്, ഫോട്ടോ ക്യാപ്ചറിംഗ്, ഫേസ് മാച്ചിംഗ്, ബയോമെട്രിക് ഒതന്റിക്കേഷൻ തുടങ്ങിയവയുള്ള ഹൈടെക് സംവിധാനമാണ് അടുത്ത വർഷം മുതലുള്ള 10, 12 ബോർഡ് എക്സാമുകളിൽ കൊണ്ടുവരുന്നത്.
പരീക്ഷക്ക് ഒന്നോ രണ്ടോ ആഴ്ച മുമ്പ്, റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികളുടെയും പൂര്‍ണ വിവരങ്ങള്‍ പരീക്ഷ കേന്ദ്രം തിരിച് CBSE ഒരു ഏജന്‍സിക്ക് നല്‍കും. ഏജന്‍സി ഒരോ വിദ്യാര്‍ഥിയുടെയും ഡിജിറ്റൽ ഫിംഗർപ്രിന്റ് ശേഖരിക്കുകയും, ഫോട്ടോ ക്യാപ്ചറിംഗ് നടത്തുകയും ചെയ്യും. വിദ്യാർത്ഥികൾ പരീക്ഷാ ഹോളിലേക്ക് കൊണ്ടുവരുന്ന രേഖകളില്‍ ഇതെല്ലാം ഉൾപ്പെടുത്തിയുള്ള QR കോഡ് ഉണ്ടാകും.
പരീക്ഷ കേന്ദ്രത്തിലേക്ക് വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കും മുന്‍പും ഡിജിറ്റൽ ഫിംഗർപ്രിന്റ് ശേഖരിക്കുകയും ഫോട്ടോ ക്യാപ്ചറിങ് ആവര്‍ത്തിക്കുകയും ചെയ്യും. പൊരുത്തക്കേടുകൾ ഉണ്ടായാൽ 30 മിനിറ്റിനുള്ളിൽ ബോർഡിനെ അറിയിച്ച് തീരുമാനമെടുക്കും. തത്സമയ ഹാജർ നിരീക്ഷണ സംവിധാനവും ഉണ്ടാകും. മുഴുവൻ ഡാറ്റാബേസും ആപ്ലിക്കേഷൻ സെർവറും രാജ്യത്തെ രണ്ട് സോണുകളിലായാണ് സജ്ജീകരിക്കുക. 1300 പരീക്ഷാ കേന്ദ്രങ്ങളിൽ ഹൈ ടെക് സംവിധാനം ഒരുക്കാന്‍ 20 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.