യുഎഇയിലെ സിബിഎസ്ഇ സ്‌കൂളുകൾക്ക് 10, 12 പരീക്ഷകളിൽ മികച്ച വിജയം. ദുബായിലെ ഡൽഹി പ്രൈവറ്റ് സ്‌കൂളാണ് പരീക്ഷാ ഫലങ്ങൾ ആദ്യമായി പ്രഖ്യാപിച്ചത്. നിരവധി വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയെന്നും നല്ലൊരു ശതമാനം കുട്ടികളും എ വൺ നേടിയെന്നും സ്കൂൾ അധികൃതർ അവകാശപ്പെടുന്നു. പെൺകുട്ടികളാണ് ഇത്തവണ വിജയശതമാനത്തിൽ മുന്നിൽ.
24,000 ത്തിലേറെ വിദ്യാർത്ഥികളാണ് ഇത്തവണ 95 ശതമാനത്തിലേറെ മാർക്ക് നേടി വിജയിച്ചത്. 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചത് ഒന്നര ലക്ഷം വിദ്യാർഥികൾക്കാണ്. കേരളത്തിൽ തുടർപഠനം നടത്താൻ പ്ലാൻ ചെയ്യുന്ന വിദ്യാർഥികൾക്ക് സിബിഎസ്ഇ പരീക്ഷാ ഫലം നേരത്തെ പുറത്തു വന്നത് ഗുണകരമാണ്. ഈ വർഷം പത്താം ക്ലാസ് പരീക്ഷയിൽ 93.60 ശതമാനം പേർ വിജയിച്ചപ്പോൾ, 12ാം ക്ലാസ് പരീക്ഷയിലെ വിജയശതമാനം 87.98 ആയിരുന്നു.
യു.എ.ഇയിൽ ഉപരിപഠനത്തിന് ചെലവ് കൂടുതലാണ്. അതുകൊണ്ടുതന്നെ സാധാരണ ഗതിയിൽ സിബിഎസ്ഇ 12 ാം ക്ലാസ് പാസായ ഭൂരിപക്ഷം പേരും തുടർപഠനം നടത്താൻ പ്ലാൻ ചെയ്യുന്നത് ഇന്ത്യയിൽ തന്നെയാകും. ഇവരിൽ പലരും മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസുകൾക്കായി പഠിക്കുന്നവരുമായിരിക്കാം.
നേരത്തെയുള്ള വർഷങ്ങളിൽ കേരളത്തിലെ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ കഴിഞ്ഞ ശേഷമായിരുന്നു ഗൾഫിൽ ഫലം പ്രഖ്യാപിച്ചിരുന്നത്. ഇത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തുടർ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. യുഎഇയിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പ്ലസ് വൺ അപേക്ഷക്കായി തീയതി നൽകാറുണ്ടെങ്കിലും ഇഷ്ടപ്പെട്ട സ്കൂളുകളോ വിഷയങ്ങളോ കിട്ടില്ല എന്നതുകൊണ്ടുതന്നെ ഭൂരിഭാഗം പേർക്കും അതിന്റെ പ്രയോജനം ലഭിക്കാറില്ലായിരുന്നു. ഇത്തവണ ഫലം നേരത്തേ വന്നതിനാൽ ആ പ്രശ്നം ഒഴിവായിക്കിട്ടും.