ദക്ഷിണേന്ത്യയിലെ പ്രമുഖ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കര്‍ണാടക ഉഡുപ്പി ഹെബ്രി വനമേഖലയില്‍ രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് അന്ത്യം. മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായിരുന്നു വിക്രം. ചിറ്റംബെലുവില്‍ അരി വാങ്ങാനായി വിക്രമടങ്ങിയ അഞ്ചംഗ സംഘമെത്തിയപ്പോഴാണ് നക്സല്‍ വിരുദ്ധ സേനയെ കണ്ടത്. ഇതോടെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തു. സേനയും തിരികെ വെടിയുതിര്‍ത്തതോടെ വിക്രം വീണു. ഒപ്പമുണ്ടായിരുന്ന നാലുപേരും കാടിനുള്ളിലേക്ക് കടന്നുവെന്നും ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും സേന വ്യക്തമാക്കി. വിക്രമും സംഘാംഗങ്ങളും ശൃംഗേരി, നരസിംഹരാജ പുര, കര്‍ക്കല, ഉഡുപ്പി മേഖലകളിലായി ക്യാംപ് ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നക്സല്‍ വിരുദ്ധ സേന ഈ പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.
നിലമ്പൂര്‍ കരുളായി ഏറ്റുമുട്ടലിനുശേഷം വിക്രം നാടുകാണി ദളത്തിന്റെ ചുമതല വഹിച്ചു. അട്ടപ്പാടി, നിലമ്പൂര്‍, വയനാട് വനമേഖലയില്‍ സജീവമായിരുന്നു. 28 വര്‍ഷം വിക്രത്തിനായി പൊലീസ് വലവിരിച്ച് കാത്തിരുന്നു. അതിവിദഗ്ധമായി ഓപ്പറേഷന്‍ നടത്തി കാടുകയറുകയായിരുന്നു പതിവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
2016 നവംബറില്‍ നിലമ്പൂരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടാവുകയും വെടിയുതിര്‍ക്കുകയും ചെയ്തത് വിക്രം ഗൗഡയുടെ നേതൃത്വത്തിലായിരുന്നു. പന്ത്രണ്ടോളം മാവോയിസ്റ്റുകളാണ് വിക്രത്തിന്‍റെ നേതൃത്വത്തില്‍ അന്ന് നിലമ്പൂര്‍ കേന്ദ്രമാക്കി തമ്പടിച്ചിരുന്നത്. 2016ല്‍ നിലമ്പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ കുപ്പുസ്വാമി ദേവരാദ്, അജിത എന്നീ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.