തമിഴ്നാട്ടില്‍ ഒരു വര്‍ഷം വിവാഹിതരായ 10,000 പുരുഷന്‍മാര്‍ ആത്മഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ട്. പുരുഷ ദിനത്തോടനുബന്ധിച്ച് തമിഴ്നാട് പുരുഷ രക്ഷാസംഘമാണ് ഈ കണക്ക് പുറത്തുവിട്ടത്. ഈ വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നാണ് പുരുഷ രക്ഷാസംഘത്തിന്‍റെ ആവശ്യം.
വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ ഒരു അന്വേഷണക്കമ്മിഷനെ നിയമിക്കണമെന്നും പുരുഷന്‍മാരുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തി, അത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെടുന്നു. കൂടാതെ, തമിഴ്നാട്ടില്‍ പുരുഷന്‍മാര്‍ക്കായി ഒരു ഹെല്‍പ് ലൈന്‍ തുടങ്ങണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഈ ആവശ്യം പരിഗണിക്കണമെന്നും പുരുഷ രക്ഷാസംഘം കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ സമൂഹത്തില്‍ അവിഹിതങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനും സ്ത്രീക്കും തുല്യ ശിക്ഷ നല്‍ക്കണമെന്നുമാണ് പുരുഷദിനത്തോട് അനുബന്ധിച്ച് പുരുഷ രക്ഷാ സംഘത്തിന്‍റെ ആവശ്യം.