ക്ലാസിലിരുന്ന് സംസാരിച്ചതിന്‍റെ പേരില്‍ കുട്ടികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ്പൊട്ടിച്ചതായി പരാതി. തമിഴ്നാട് തഞ്ചാവൂരിലാണ് സംഭവം. പെണ്‍കുട്ടിയടക്കം അഞ്ച് കുട്ടികളുടെ വായില്‍ ടേപ്പൊട്ടിച്ച ചിത്രങ്ങള്‍ പുറത്തുവന്നതോടെ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21ന് തഞ്ചാവൂര്‍ ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം.
കുട്ടികള്‍ ക്ലാസിലിരുന്ന് പരസ്പരം സംസാരിച്ചതാണ് അധ്യാപികയെ ചൊടിപ്പിച്ചത്. ഇതോടെ ശിക്ഷയായി കുട്ടികളുടെ വായ ഒട്ടിച്ചു വയ്ക്കുകയായിരുന്നു. നാലുമണിക്കൂറോളം ഈ കിരാതമായ ശിക്ഷ തുടര്‍ന്നുവെന്ന് കുട്ടികള്‍ വെളിപ്പെടുത്തി. ഒരു കുട്ടിയുടെ വായില്‍ നിന്ന് രക്തം വന്നു. മറ്റുള്ളവര്‍ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്കൂളിലെ മറ്റൊരധ്യാപിക കുട്ടികളുടെ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് അയച്ചുനല്‍കിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. തുടര്‍ന്ന് കുട്ടികളോട് ചോദിച്ചപ്പോള്‍ അവര്‍ വിവരം പറഞ്ഞു. ഇതോടെ മാതാപിതാക്കള്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണ വിധേയമായി നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.