നോർത്ത് ബെംഗളൂരുവിലെ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ ചൊവ്വാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ 26 കാരിയായ യുവതി മരിച്ചു. മൈ ഇവി സ്റ്റോറിൽ മൂന്ന് വർഷമായി ജോലി ചെയ്തിരുന്ന പ്രിയ എന്ന അക്കൗണ്ടൻ്റാണ് മരിച്ചത്. തീ പടർന്നതിനെത്തുടർന്ന് ഒകലിപുരം സ്വദേശിയായ പ്രിയ ഒരു ചെറിയ ക്യാബിനിൽ അഭയം തേടിയെങ്കിലും രക്ഷപ്പെടാനായില്ല. ഡോ. രാജ് കുമാർ റോഡിലെ നവരംഗ് ബാർ ജംക്‌ഷനു സമീപമാണ് തീപിടിത്തമുണ്ടായത്.
ഇവി ഷോറൂം ഉടമ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് പ്രിയയുടെ അച്ഛൻ അറുമുഖം പറഞ്ഞു. ‘‘നവംബർ 20ന് മകളുടെ ജന്മദിനമായിരുന്നു. നിങ്ങൾ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവൾക്കുള്ള പിറന്നാൾ വസ്ത്രങ്ങളെല്ലാം ഞാൻ കൊണ്ടുവന്നിരുന്നു. രാവിലെ 10 മണിക്ക് ജോലിക്ക് പോയതാണ് എന്റെ മകൾ. ആ ഷോറൂമിന്റെ ഉടമ എവിടെയാണ് സർ? 7.30 ഓടെ വീട്ടിൽ എത്തേണ്ടതായിരുന്നു മകൾ. എന്റെ സുഹൃത്താണ് എന്നെ വിളിച്ച് കാര്യങ്ങൾ പറഞ്ഞത്.’’ പ്രിയയുടെ അച്ഛന്‍ പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്, ബാറ്ററികൾ പൊട്ടിത്തെറിക്കുകയും തീ അതിവേഗം പടരുകയും ചെയ്തു. രക്ഷപ്പെട്ട ആറ് പേരിൽ ഒരാൾക്ക് ചെറിയ പൊള്ളലേറ്റു, മറ്റുള്ളവർക്ക് പുക ശ്വസിച്ച് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഷോറൂമിനുള്ളിലെ 20-ലധികം ഇലക്ട്രിക് വാഹനങ്ങളും തീപിടിത്തത്തിൽ നശിച്ചു.