elections-2024

മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. മൂന്നാഴ്ചയോളം നീണ്ട പ്രചാരണത്തിന് ശേഷം 288 അംഗ നിയമസഭയിലേക്ക് മഹാരാഷ്ട്രയിലെ ജനങ്ങൾ ഇന്ന് ഒറ്റഘട്ടമായി വിധിയെഴുതും. ഒരു ലക്ഷത്തിലധികം പോളിങ്ങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭരണപക്ഷത്തെ മഹായുതിയും പ്രതിപക്ഷമായ മഹാവികാസ് അഘാഡിയും ഒരുപോലെ ആത്മവിശ്വാസത്തിലാണ്. വോട്ട് ജിഹാദ് പരാമർശം മുതൽ ബിജെപി നേതാവ് വിനോദ് താവ്ഡെ ഉൾപ്പെട്ട വോട്ടിന് നോട്ട് ആരോപണം വരെ സംസ്ഥാനത്ത് സജീവ ചർച്ചാവിഷയമാണ്. ശിവസേനയും എൻസിപിയും പിളർന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നാല് കക്ഷികൾക്കും ഏറെ നിർണായകമാണ്. 

ജാർഖണ്ഡിൽ ഇന്ന്  നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. ആകെയുള്ള 81 സീറ്റിൽ 38 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 2019ൽ 38 സീറ്റുകളിൽ ജെഎംഎം 13 സീറ്റും ബിജെപിക്ക് 12 സീറ്റും കോൺഗ്രസ് 8 സീറ്റുമാണ് നേടിയത്.  മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ, പ്രതിപക്ഷ നേതാവ് അമർ കുമാർ ബൗരി, മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി തുടങ്ങിയവർ രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നു.  ജാതി സംവരണം,  ബഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം, അഴിമതി, ഇ.ഡി റെയ്ഡ് തുടങ്ങിയവ പ്രചാരണ വിഷയമായ ജാർഖണ്ഡിൽ വോട്ടെടുപ്പിൽ ജനം  എങ്ങനെ പ്രതീകരിക്കുമെന്നത് നിര്ണായകമാവും.   മാവോയിസ്റ് ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയിലാകും വോട്ടെടുപ്പ്. 

ENGLISH SUMMARY:

Maharashtra and Jharkhand Assembly Elections 2024.