മഹാരാഷ്ട്രയിൽ വോട്ടെടുപ്പിന് തലേന്ന് അഞ്ച് കോടി രൂപ വിതരണത്തിനായി എത്തിച്ചെന്ന ആരോപണത്തിൽ കുരുക്കിലായി ബിജെപി. പണം കൈവശമുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ മുംബൈയിലെ ഹോട്ടലിൽ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ തടഞ്ഞുവച്ചു. ആരോപണം ബിജെപി നിഷേധിച്ചു. പണം കൊടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.
മുംബൈയ്ക്ക് അടുത്ത് വിരാർ ഈസ്റ്റിലെ ഹോട്ടലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹോട്ടലിലേക്ക് ഇരച്ചെത്തിയ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡയെ തടഞ്ഞുവച്ചു. ഏതാനും നോട്ട്കെട്ടുകൾ പുറത്തേക്ക് വിതറി.
വോട്ടെടുപ്പിന് തലേന്ന് വിതരണം ചെയ്യാൻ 50 കോടി രൂപയുമായി താവ്ഡെ എത്തി എന്നായിരുന്നു ആരോപണം. പണം നൽകേണ്ടവരുടെ പേരുകൾ എഴുതിയത് എന്നപേരിൽ ഏതാനും ഡയറികളും തുറന്നുകാണിച്ചു. അതിനിടയിൽ ബിജെപി പ്രവർത്തകരും ബിവിഎ പ്രവർത്തകരും ഏറ്റുമുട്ടി. താവ്ഡയെ ഒപ്പമിരുത്തി വാർത്താ സമ്മേളനം. രണ്ട് മണിക്കൂറിന് ശേഷമാണ് താവ്ഡയെ മോചിപ്പിച്ചത്. പോലീസ് പണവും ഏതാനും ഡയറികളും പിടിച്ചെടുത്തു. കൊള്ളയടിച്ച പൊതുപണമാണ് എത്തിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ട് ജിഹാദല്ല നോട്ട് ജിഹാദാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസിന്റെ പരിഹാസം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകാൻ മാത്രമാണ് വന്നതെന്നും ആരോപണങ്ങൾ ശരിയല്ലെന്നും വിനോദ് താവഡെ വാദിക്കുന്നു. പരാജയ ഭീതിയിൽ നിന്ന് പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതായി ബിജെപി ദേശീയ നേതൃത്വം പ്രതികരിച്ചു. എന്നാൽ ബിജെപിയുടെ മുതിർന്ന നേതാവിന് നേരെ തിരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് ഉണ്ടായ ആരോപണം ബിജെപിയെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.