മണിപ്പുരിൽ കുക്കി സായുധ ഗ്രൂപ്പുകളെ അടിച്ചമർത്താനുള്ള എൻഡിഎ എംഎൽഎമാരുടെ യോഗത്തിലെ നിർദേശം തൃപ്തികരമല്ലെന്ന് മെയ്തെയ് സംഘടനകൾ. 24 മണിക്കൂറിനകം നടപടികൾ അറിയിച്ചില്ലെങ്കിൽ എല്ലാ കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫിസുകളും താഴിട്ട് പൂട്ടുമെന്ന് പൗരസംഘടനകളുടെ ഏകോപന സമിതിയായ കൊകോമി അറിയിച്ചു.
തിങ്കളാഴ്ച രാത്രി നടന്ന എൻഡിഎ എംഎൽഎമാരുടെ യോഗത്തിലാണു കുക്കി സായുധഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കാൻ പ്രമേയം പാസാക്കിയത്. ഈ സംഘടനകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കണമെന്നും ഇംഫാൽ താഴ് വരയിൽ ഉൾപ്പെടെ 6 പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രത്യേക ൈസനികാധികാര നിയമം നടപ്പിലാക്കിയ നടപടി പിൻവലിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രമേയമല്ല, സമയബന്ധിതമായ നടപടിയാണു സർക്കാർ അറിയിക്കേണ്ടതെന്നാണു കൊകോമിയുടെ നിലപാട്. Also Read: മണിപ്പുരില്‍ സമാധാനം ഉറപ്പാക്കണം; സാധ്യമായ നടപടികളെടുക്കണമെന്ന് അമിത് ഷാ
ഇതിനിടെ കലാപം രൂക്ഷമായ സാഹചര്യത്തിൽ മണിപ്പുരുമായുള്ള അതിർത്തി അസം സീൽ ചെയ്തു. അതിർത്തിയിൽ കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പ്രധാന കാരണക്കാർ കോൺഗ്രസും മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരവുമാണെന്ന് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. മ്യാൻമറിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കോൺഗ്രസ് സർക്കാരുകൾ തടഞ്ഞില്ലെന്നും ബിരേൻ സിങ് ആരോപിച്ചു.