കല്യാണ ദിവസം വൈകിയെത്തുന്നത് ഏതെങ്കിലും വരനോ വധുവിനോ സഹിക്കാന്‍ പറ്റുമോ? അതും തന്‍റേതല്ലാത്ത കാരണംകൊണ്ടുകൂടിയായാലോ? ട്രെയിന്‍ വൈകിയതു കാരണം ചന്ദ്രശേഖർ വാഗ് എന്ന യുവാവിനാണ് തന്‍റെ വിവാഹം പോലും മുടങ്ങുമെന്ന അവസ്ഥ വന്നത്. എന്നാല്‍ ഒരൊറ്റ ട്വീറ്റില്‍ സഹായഹസ്തവുമായി എത്തിയതാകട്ടെ ഇന്ത്യന്‍ റെയില്‍വേയും. ഇത് തങ്ങളുടെ ധാർമിക ഉത്തരവാദിത്തമാണെന്നായിരുന്നു റെയില്‍വേയുടെ പ്രതികരണം.
നവംബര്‍ 17ന് ഞായറാഴ്ചയായിരുന്നു മുംബൈ സ്വദേശി ചന്ദ്രശേഖർ വാഗിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് ട്രെയിന്‍ മുഖേന എത്താനായിരുന്നു വരന്‍റെയും സംഘത്തിന്‍റെയും പ്ലാന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.05ന് ഹൗറയില്‍ എത്തേണ്ട ഗീതാഞ്ജലി എക്‌സ്പ്രസിലായിരുന്നു വരനും 34 പേരടങ്ങുന്ന അംഗങ്ങളും സഞ്ചരിച്ചിരുന്നത്. ഹൗറയിലെത്തിയ ശേഷം അവിടെ നിന്ന് ഗുവാഹത്തിയിലേക്ക് സരാഘട്ട് എക്സ്പ്രസില്‍ എത്തിച്ചേരാനായിരുന്നു സംഘത്തിന്‍റെ ശ്രമം. ഹൗറ സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 4:05 ന് അസമിലേക്ക് പുറപ്പെടേണ്ടതായിരുന്നു സരാഘട്ട് എക്സ്പ്രസ്. എന്നാല്‍ ഗീതാഞ്ജലി എക്സ്‌പ്രസ് നാലുമണിക്കൂറോളം വൈകിയാണ് ഓടിയത്. ഇതോടെ വരനും ബന്ധുക്കളും ആശങ്കയിലായി. ഒടുവില്‍ സംഘത്തിലെ ഒരു അംഗമാണ് റെയിൽവേയുടെ എക്‌സ് ഹാൻഡിൽ സഹായം അഭ്യർത്ഥിക്കുന്നത്. പിന്നാലെ ഇന്ത്യന്‍ റെയില്‍വേയുടെ സഹായഹസ്തം.
എക്‌സിലെ പോസ്റ്റിനെ തുടര്‍ന്ന്, ഹൗറ ഡിവിഷണൽ റെയിൽവേ മാനേജർക്ക് ആവശ്യമായതെല്ലാം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് സന്ദേശം ലഭിച്ചതായി ഈസ്റ്റേണ്‍ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. പിന്നാലെ സരാഘട്ട് എക്സ്പ്രസ് പുറപ്പെടുന്നത് വൈകിപ്പിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ഗീതാഞ്ജലി എക്സ്പ്രസ് എത്രയും പെട്ടെന്ന് ഹൗറയില്‍ എത്താനായുള്ള സൗകര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഇതോടെ ഗീതാഞ്ജലി എക്സ്പ്രസ് 4.08 ന് ഹൗറയിൽ എത്തിച്ചേര്‍ന്നു. പുതിയ കോംപ്ലക്സിലെ പ്ലാറ്റ്ഫോം നമ്പർ 24 ലായിരുന്നു ഗീതാഞ്ജലി എക്സ്പ്രസ് എത്തിച്ചേര്‍ന്നത്. ഈ സമയം സംഘത്തെയും കാത്ത് പഴയ കോംപ്ലക്സിലെ പ്ലാറ്റ്ഫോം നമ്പർ 9ലായിരുന്നു സരാഘട്ട് എക്സ്പ്രസ്. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ സംഘത്തെ റെയില്‍വേ തന്നെ 9ാം പ്ലാറ്റ്ഫോമിലേക്കെത്തിച്ചു. ഏതാനും മിനിറ്റുകൾ വൈകി ട്രെയിന്‍ ഗുവാഹത്തിയിലേക്ക് പുറപ്പെടുകയും ചെയ്തു. ഇതോടെയാണ് വരന്‍റെയും ബന്ധുക്കളുടേയും ശ്വാസം നേരെവീണത്.
രണ്ട് ട്രെയിനുകളിലെയും എല്ലാ യാത്രക്കാരുടെയും എല്ലാ സഹായവും പിന്തുണയും തങ്ങൾക്ക് ലഭിച്ചതായും യുവവാവിന്‍റെ വിവാഹം മുടങ്ങാതിരിക്കാൻ റെയിൽവേ മന്ത്രി, ചീഫ് കൊമേഴ്‌സ്യൽ മാനേജർ, ഡിആർഎം, മറ്റ് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചതായും ഈസ്റ്റേണ്‍ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം സേവനങ്ങൾ തങ്ങളുടെ ധാർമിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാലെ ഇന്ത്യൻ റെയിൽവേയോട് നന്ദി പറഞ്ഞ് മുഴുവൻ കുടുംബവും രംഗത്തെത്തി. നിരവധി പ്രായമായ ആളുകള്‍ സംഘത്തിലുണ്ടായിരുന്നെന്നും ഹൗറ സ്റ്റേഷൻ ഉദ്യോഗസ്ഥർ തങ്ങളെ ശരിക്കും സഹായിച്ചെന്നും നവവരന്‍ പറഞ്ഞു.
അതേസമയം, ചടങ്ങുകള്‍ കഴിഞ്ഞ് വരനും സംഘവും മടങ്ങിയത് വിമാനത്തിലായിരുന്നു. ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും ക്ഷീണിതരായതിനാല്‍ ഗുവാഹത്തിയിൽ നിന്ന് വിമാനത്തിൽ പോകാമെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു. മുംബൈ സ്വദേശിയായ മുപ്പതുകാരന്‍ ചന്ദ്രശേഖർ വാഗ് ഐഐടി ഗുവാഹത്തിയിൽ നിന്നാണ് പിഎച്ച്‌ഡി പൂര്‍ത്തിയാക്കിയത്. ആ സമയത്ത് അസമീസ് പെൺകുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നു. മറാത്തി, അസമീസ് ആചാരപ്രകാരമായിരുന്നു വിവാഹം.