ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ ഏതു നിമിഷവും തെരുവ് നായ്ക്കൂട്ടം ആക്രമിച്ചേക്കാം എന്ന ഭീതിയിൽ യാത്രക്കാർ. ഏറ്റവും ഒടുവിൽ കോഴിക്കോട്ടേക്ക് ട്രെയിൻ കയറാൻ എത്തിയ യുവഡോക്ടർക്കാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. കൂട്ടത്തിൽ ഒരു നായയാണ് കൂടുതൽ അപകടകാരിയെന്ന് യാത്രക്കാർ പറയുന്നു.
'ഇത് ആലപ്പുഴ റെയിൽവെ സ്റ്റേഷൻ..... നായയുടെ കടിയേൽക്കാതെ സൂക്ഷിക്കുക'. ട്രെയിൻ വിവരങ്ങൾക്കൊപ്പം ഇങ്ങനെയൊരു അറിയിപ്പു കൂടി യാത്രക്കാർക്ക് ഇനി നൽകേണ്ടിവരും. കഴിഞ്ഞ ദിവസമാണ് റെയിൽവെ സ്റ്റേഷനിൽ യുവഡോക്ടര്‍ മുഹമ്മദ് ഷഹബാസിന് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. കാലിൽ ഏഴുമുറിവുണ്ട്. വാക്സീൻ എടുക്കുന്നതിനൊപ്പം ഒരാഴ്ചത്തെ വിശ്രമവും നിർദ്ദേശിച്ചിരിക്കുകയാണ്.
Also Read; സീപ്ലെയിന്‍ പദ്ധതി അടിച്ചേല്‍പ്പില്ല; മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ട: മന്ത്രി
റെയിൽവെ സ്റ്റേഷനിൽ യുവഡോക്ടറെ ആക്രമിച്ച തെരുവുനായ നായ്ക്കൂട്ടത്തിലെ അക്രമകാരിയാണ്. പ്ലാറ്റ് ഫോമിലെ കസേരയിലിരിക്കുമ്പോൾ അറിയാതെ പിന്നിൽ എത്തി കാൽ കടിച്ചുപറിക്കും. മുൻപും പലരെയും ഈ നായ ആക്രമിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് ഒരു കുട്ടിക്കും ആർപിഎഫ് കോൺസ്റ്റബിളിനും കടിയേറ്റു.
ഒരു മാസത്തിനിടെ പത്തിലധികം യാത്രക്കാർക്കാണ് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നായ കടിയേറ്റത്. യാത്രക്കാർക്കിടയിലൂടെ ഭീതിപരത്തി നായ്ക്കൂട്ടം ചുറ്റുകയാണ്. ചിലപ്പോൾ യാത്രക്കാരുടെ പിന്നാലെ ഓടി വരും. ഏകദേശം അമ്പതോളം നായകൾ ആലപ്പുഴ റെയിൽവെ സ്റ്റേഷനിലും പരിസരത്തുമുണ്ട്.
നായകളെ പിടി കൂടുന്നതിന്‍റെ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണോ ആലപ്പുഴ നഗരസഭയ്ക്കാണോ റെയിൽവെയ്ക്കാണോ എന്നു ചോദിച്ചാൽ ആർക്കും ഉത്തരവുമില്ല. എതായാലും യാത്രക്കാരോട് ഒന്നേ പറയാനുള്ളു., സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം.