മണിപ്പുരിൽ പൊതുമരാമത്ത് മന്ത്രി കെ.ഗോവിന്ദാസിന്‍റെ വീട് തകർത്തതിൽ ദുരൂഹതയെന്ന് ബന്ധുക്കളും അനുയായികളും. അക്രമികൾ ഒരു മണിക്കൂറോളം അഴിഞ്ഞാടിയിട്ടും പൊലീസോ സുരക്ഷാസേനയോ എത്തിയില്ല. ബിരേൻ സിങ്ങിനെ മാറ്റിയാൽ അടുത്ത മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള ആളാണ് ഗോവിന്ദാസ്.
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ അഞ്ച് മന്ത്രിമാരുടെയും 10 എംഎൽഎമാരുടെയും വീടുകളാണ് ആക്രമിച്ചത്. എന്നാൽ ബിഷ്ണുപുരിന് സമീപം നിങ്തോകോങ് ബസാറിലെ ഗോവിന്ദാസിന്‍റെ വീടിന് നേരെയുണ്ടായത് മുന്നൊരുക്കത്തോടെയുള്ള ആക്രമണമെന്നാണ് വിലയിരുത്തൽ. ആക്രമണത്തിൽ വീട് പൂർണമായി കത്തിനശിച്ചു. വീട്ടു സാധനങ്ങളും കൊള്ളയടിച്ചു. ആറുകോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.
ആക്രമണ സമയത്ത് ഗോവിന്ദാസിന്‍റെ ചിത്രം പ്രിന്‍റ് ചെയ്ത അസഭ്യഭാഷയിലുള്ള നോട്ടീസ് അക്രമികൾ വിതരണം ചെയ്തത് ഗൂഢാലോചനയുടെ തെളിവായി അനുയായികൾ ചൂണ്ടിക്കാട്ടുന്നു. മണിപ്പുർ മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗമാണ് ഗോവിന്ദാസ്. ഏഴ് തവണ തുടർച്ചയായി എംഎൽഎയായ അദ്ദേഹം മുൻ പിസിസി പ്രസിഡന്‍റാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബിജെപിയിൽ ചേർന്നത്.
ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട എംഎൽഎമാരുടെ മുൻപിൽ ഗോവിന്ദാസും ഉണ്ടായിരുന്നു. ബിരേൻ സിങ്ങിനെ മാറ്റിയാൽ അടുത്ത മുഖ്യമന്ത്രിക്ക് സാധ്യത ഏറെ കൽപ്പിക്കുന്ന നേതാക്കളിൽ ഒരാളാണ് പൊതുവേ എല്ലാ വിഭാഗക്കാർക്കും സ്വീകാര്യനായ ഗോവിന്ദാസ്. വിമത പ്രവർത്തനത്തിനെതിരേ ഗോവിന്ദാസിനുള്ള താക്കീതായിരിക്കാം അക്രമമെന്നാണ് അനുയായികൾ ആരോപിക്കുന്നത്.