അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് യു.എസില്‍ കുരുക്ക്. തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങളില്‍ ന്യൂയോര്‍ക്ക് കോടതി കേസെടുത്തു.  വമ്പന്‍ സൗരോര്‍ജ  പദ്ധതികളുടെ കരാര്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 ദശലക്ഷം ഡോളര്‍ കൈക്കൂലി നല്‍കിയെന്നും ഇക്കാര്യം മറച്ചുവച്ച് യു.എസ്. നിക്ഷേപകരെ വഞ്ചിക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

2019– 20 വര്‍ഷത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയും യു.എസ്. സ്റ്റോക് എക്സ്ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്ത അസ്യൂര്‍ പവറും ചേര്‍ന്ന് ഇന്ത്യയില്‍ 12 ജിഗാവാട്ട് സൗരോര്‍ജ വൈദ്യുതി വിതരണം ചെയ്യാനായിരുന്നു പദ്ധതി.  20 വര്‍ഷത്തിനുള്ളില്‍ 200 കോടി ഡോളറിന്‍റെ ലാഭം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 ദശലക്ഷം ഡോളര്‍ കൈക്കൂലിയായി നല്‍കി. തുടര്‍ന്ന് കമ്പനിക്ക് ശക്തമായ അഴിമതി വിരുദ്ധ നയങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തി യു.എസില്‍ നിന്ന് 300 കോടി ഡോളറിന്‍റെ നിക്ഷേപം സമാഹരിക്കാന്‍ ശ്രമിച്ചു എന്നാണ് അദാനിക്കെതിരായ ആരോപണം. 

ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജി മുന്‍ സി.ഇ.ഒ വിനീത് ജെയിന്‍ എന്നിവര്‍ക്കെതിര തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയത്. മറ്റ് അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദാനിയെ രക്ഷിക്കുന്നതെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ജെ.പി.സി. അന്വേഷണം വേണമെന്നും രാഹുല്‍

അതേസമയം കൈക്കൂലി ആരോപണം തെറ്റാണെന്നും  വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ കമ്പനികള്‍ക്കാണ് അദാനി ഗ്രൂപ്പ് പണം നല്‍കിയതെന്നും ബി.ജെ.പി നേതാവ് അമിത് മാള്‍വ്യ ന്യായീകരിച്ചു.  പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെ ഇത്തരമൊരു ആരോപണം വന്നതിന് പിന്നില്‍ ജോര്‍ജ് സോറോസ്– കോണ്‍ഗ്രസ് ബന്ധമാണെന്നും ബി.ജെ.പി ആരോപിച്ചു

ഓഹരി വിപണിയില്‍ വന്‍ നഷ്ടം

അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് വന്‍ നഷ്ടം. തുടക്ക വ്യാപാരത്തില്‍ 20 ശതമാനമാണ് ഓഹരികളുടെ വില ഇടിഞ്ഞത്. അദാനി എന്‍റര്‍പ്രൈസ് ഓഹരി പത്ത് ശതമാനം ഇടിഞ്ഞ് 2539.35 രൂപയിലാണ് വ്യാപരം നടക്കുന്നത്. ഈ വര്‍ഷം ആദ്യം പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ തുടങ്ങുന്നതിനിടെയാണ് വീണ്ടും കനത്ത  പ്രഹരം. അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ 18 ശതമാനം ഇടിഞ്ഞ് 1152.85 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അദാനി എനര്‍ജി സൊല്യൂഷന്‍സ് 20 ശതമാനം ഇടിഞ്ഞ് 697.25 രൂപയിലും എത്തി. അദാനി പോര്‍ട്ട് ആന്‍റ് സ്പെഷല്‍ ഇക്കണോമിക് സോണിന്‍റെ ഓഹരികളെയും ഇടിവ് ബാധിച്ചു. 10 ശതമാനം ഇടിഞ്ഞതോടെ 1160.70 രൂപയിലാണ്  വ്യാപാരം. 

കോഴ നല്‍കി കരാര്‍ സ്വന്തമാക്കിയതില്‍ ഗൗതം അദാനിക്ക് പുറമെ സാഗര്‍ ആര്‍. അദാനി, വ്നീത് ജയിന്‍ എന്നിവരും കുറ്റക്കാരാണെന്ന് യുഎസ് പ്രോസിക്യൂട്ടര്‍ കണ്ടെത്തിയിരുന്നു. യുഎസ് നിക്ഷേപകര്‍ക്ക് തെറ്റായ രേഖകള്‍ നല്‍കിയാണ് പണം സമാഹരിച്ചതെന്നും ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും കോഴ നല്‍കിയ വിവരം നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഇലക്ട്രോണിക് തെളിവുകള്‍ നശിപ്പിക്കാനും കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

ആരോപണങ്ങള്‍ അദാനിയുടെ ഇന്‍റര്‍നാഷണല്‍ സെക്യൂരിറ്റിയെയും ബാധിച്ചു. ഡോളര്‍ മൂല്യമുള്ള ബോണ്ടുകള്‍ കുത്തനെ ഇടി‍ഞ്ഞു. മാര്‍ച്ചിലെ അദാനി ഗ്രീന്‍ എനര്‍ജി 15 സെന്‍റും, ഫെബ്രുവരിയിലെ അദാനി ഇലക്ട്രിസിറ്റി മുംബൈ ബോണ്ടുകള്‍ 8.6 സെന്‍റെന്ന നിലയിലും കുറഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ലെ ഹിന്‍ഡന്‍ബര്‍ഗ്  റിപ്പോര്‍ട്ടിന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ 12 ലക്ഷം കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് ഓഹരികളിലും ബോണ്ടിലുമായി നേരിട്ടത്. കടം കുറച്ചുകൊണ്ട് വന്ന് സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനിടയിലാണ് യുഎസ് പ്രോസിക്യൂട്ടറുടെ കുറ്റപത്രം. 

ENGLISH SUMMARY:

Billionaire Gautam Adani charged in US with bribery, fraud