മണിപ്പുര്‍ കലാപത്തിന് ഉത്തരവാദി മുഖ്യമന്ത്രി ബിരേന്‍ സിങ്ങെന്ന ഗുരുതര ആരോപണവുമായി മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ ഡി.ജി.പിയുമായ വൈ.ജൊയ്കുമാര്‍ സിങ്. ബിരേന്‍ സിങ് സ്ഥാപിച്ച തീവ്രമെയ്‌തെയ് സംഘടനയായ ആരംഭായ് തെംഗോല്‍ ഭീകരസേനയായി മാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിരേന്‍ സിങ്ങിനെ സംരക്ഷിക്കുന്നതെന്നും ജൊയ്കുമാര്‍ മലയാള മനോരമ പ്രതിനിധി ജാവേദ് പര്‍വേഷിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. അടുത്തിടെ ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിച്ച എന്‍.പി.പിയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് ജൊയ്കുമാര്‍.
മെയ്‌തെയ്കള്‍ക്ക് എസ്.ടി. പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് കുക്കി മേഖലകളില്‍ പ്രതിഷേധമുണ്ടായപ്പോള്‍ തന്നെ പൊലീസിനെയും സുരക്ഷാ സേനയെയും ഉപയോഗിച്ച് തടയാമായിരുന്നുവെന്ന് വൈ.ജൊയ്കുമാര്‍. എന്നാല്‍ പൊലീസിന്റെ ആയുധപ്പുര തീവ്ര മെയ്‌തെയ് സംഘടനയായ ആരംഭായ് തെംഗോലിന് തുറന്നുകൊടുക്കുകയാണ ബീരേന്‍ സിങ് ചെയ്തത്. ഒരു വിഭാഗത്തിന് വേണ്ടി മാത്രമാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും ജൊയ്കുമാര്‍
ബീരേന്‍ സിങ്ങും സംഘവും ചേര്‍ന്ന് ആരംഭിച്ച ആരംഭായ് തെംഗോല്‍ എന്ന മെയ്‌തെയ് സംഘടന സ്വകാര്യ ഭീകരസേനയായി മാറി. ബീരേന്‍സിങ്ങിനെ എതിര്‍ക്കുന്നവരെ ആരംഭായ് തോംഗല്‍ ആക്രമിക്കും. ഇംഫാല്‍ താഴ് വരയില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണ് അവര്‍.
ജിരിബാമിലെ കൂട്ടക്കൊലപാതകവും ഒഴിവാക്കാമായിരുന്നു. ആറുപേരെ തട്ടിക്കൊണ്ടുപോയപ്പോള്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചില്ല. മാര്‍ ഗോത്രവിഭാഗവുമായി അടുപ്പമുള്ള പ്രാദേശിക എം എല്‍എയെയോ അസം റൈഫിള്‍സിനെയോ ഉപയോഗിച്ച് ചര്‍ച്ച നടത്താമായിരുന്നുവെന്നും വൈ.ജൊയ്കുമാര്‍ സിങ്
പകുതിയോളം ബിജെപി എം എല്‍എമാര്‍ എതിരായിട്ടും ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാത്തത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പിന്തുണ കാരണമാണ്.
Also Read; നാവികസേന കപ്പല്‍ ബോട്ടിലിടിച്ചു; രണ്ട് മല്‍സ്യത്തൊഴിലാളികളെ കാണാതായി
ബിരേന്‍ സിങ്ങിന്റെ തനിനിറം ജനം മനസിലാക്കിയതുകൊണ്ടാണ് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും വീടുകള്‍ അക്രമിക്കുന്നതെന്നും വൈ.ജൊയ്കുമാര്‍ സിങ് പറഞ്ഞു.