ശത്രുരാജ്യങ്ങളുടെ അതിര്‍ത്തികളിലേതുപോലെ മുള്ളുവേലി കൊണ്ട് വീടുകള്‍ക്ക് സുരക്ഷയൊരുക്കി മണിപ്പുരിലെ മന്ത്രിമാരും എംഎല്‍എമാരും. തുടര്‍ച്ചയായി ആള്‍ക്കൂട്ടം മന്ത്രിമാരുടെ വീടുകള്‍ ആക്രമിക്കുന്നതിന് പിന്നാലെയാണ് മുന്‍കരുതല്‍. രണ്ടാള്‍പൊക്കത്തിലോ, മൂന്നാള്‍ പൊക്കത്തിലോ ആണ് മുള്ളുവേലികൾ. അതിനു മുന്നിൽ മണല്‍ചാക്കുകള്‍. സര്‍വ സന്നാഹമൊരുക്കിയാണ് മന്ത്രിമാരും എംഎല്‍എമാരും മണിപ്പുരില്‍ കഴിയുന്നത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ മൂന്നുതവണയാണ് ആള്‍ക്കൂട്ടം ഇംഫാല്‍ ഈസ്റ്റിലെ മന്ത്രി എൽ.സുശീന്ദ്രോയുടെ വീട് ആക്രമിച്ചത്.
കൊള്ളയടിക്കുക എന്ന ലക്ഷ്യം കൂടി ആള്‍ക്കൂട്ടത്തിനുണ്ടെന്ന് സംശയിക്കുന്നു. ചുറ്റികകളും ഇലക്ട്രിക് ഡ്രില്ലറുകളും സാധനങ്ങൾ കടത്താൻ വലിയ ചാക്കുകളുമായിട്ടാണ് മൂന്നുതവണയും ആള്‍ക്കൂട്ടം വീട്ടിലെത്തിയത്. ഇപ്പോൾ കേന്ദ്രസേനയാണ് മണിപ്പുരിലെ എല്ലാ മന്ത്രിമാരുടെയും വീടുകള്‍ക്ക് സുരക്ഷയൊരുക്കുന്നത്. ബിഎസ്എഫാണ് മന്ത്രി എൽ.സുശീന്ദ്രോയുടെ വീടിന്‍റെ കാവല്‍ക്കാര്‍.