രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ മണിപ്പുരില്‍ വന്‍തോതില്‍ കേന്ദ്രസേനാ വിന്യാസം. സുരക്ഷാ സേനാംഗങ്ങള്‍ വിവിധയിടങ്ങളില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി. രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതിനാല്‍, പ്രധാനമന്ത്രി മണിപ്പുര്‍ സന്ദര്‍ശിക്കുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു.
രാഷ്ട്രപതി ഭരണത്തിനെതിരെ മെയ്തെയ് സംഘടനകൾക്കുള്ള എതിർപ്പ് പ്രതിഷേധത്തിലേക്കും, സംഘർഷത്തിലേക്കും വഴിമാറുമോ എന്ന ആശങ്ക നിലനിൽക്കെയാണ്, സംസ്ഥാനത്ത് സേനാ വിന്യാസം ശക്തമാക്കിയത്. ഇംഫാൽ താഴ്‍വരയിൽ കൂടുതൽ ചെക്പോസ്റ്റുകൾ സ്ഥാപിച്ചും നിരന്തരം ഫ്ലാഗ് മാർച്ച് നടത്തിയും കരസേനയും അസം റൈഫിൾസും കേന്ദ്ര സേനകളും ജാഗ്രതയിലാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ എന്നിവിടങ്ങളിൽനിന്ന് അഞ്ച് വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തു. രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതിനുശേഷം പ്രധാനമന്ത്രി മണിപ്പുര്‍ സന്ദര്‍ശിക്കുമോ എന്ന് പിസിസി പ്രസിഡന്റ് കെ.മേഘചന്ദ്ര ചോദിച്ചു.
രാഷ്ട്രപതിഭരണം പുകമറയെന്ന് സിപിഎമ്മും വിമര്‍ശിച്ചു. മണിപ്പുരിനെ ഒരുമിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് ബിജെപിയുടെ വടക്കുകിഴക്ക് ചുമതലയുള്ള സംബിത് പത്ര എംപി പറഞ്ഞു. മണിപ്പുര്‍ നിയമസഭയ്ക്ക് 2027 വരെ കാലാവധിയുണ്ട്. നിയമസഭ താല്‍ക്കാലികമായി മരവിപ്പിച്ചതിനാല്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് എപ്പോള്‍ വേണമെങ്കിലും പുതിയ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അധികാരമേല്‍ക്കാം.