യുപി സംഭലിൽ ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെയുണ്ടായ സംഘർഷത്തിൽ മരണം അഞ്ചായി. പരുക്കേറ്റ് ചികിൽസയിലായിരുന്ന രണ്ടുപേർകൂടി ഇന്ന് മരിച്ചു. സംഭലിലെ സമാജ്‌വാദി പാർട്ടി എം.പി. സിയ ഉർ റഹ്മാനെതിരെ പൊലീസ് കേസെടുത്തു.
കോടതി ഉത്തരവ് പ്രകാരം മസ്ജിദിനുള്ളിൽ സർവേയ്ക്കെത്തിയവർക്ക് സുരക്ഷയൊരുക്കിയ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരാണ് ഇന്ന് മരിച്ചത്. നിരവധിപേർ ഇപ്പോഴും ചികിത്സയിലാണ്. അക്രമത്തിന് പ്രോത്സാഹനം നൽകിയതിന് സംഭലിലെ സമാജ് വാദി പാർട്ടി എംപി സിയ ഉർ റഹ്മാനെതിരെയും സ്ഥലം എംഎൽഎയുടെ മകനെനെതിരെയും കേസെടുത്തു.
സംഭവദിവസം ബെംഗളൂരുവിലായിരുന്നുവെന്ന് എംപിയുടെ മറുപടി. വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും SP അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്ത് വന്നിട്ടുണ്ട്. സുപ്രീംകോടതി ഇടപെടണമെന്നാണ് ആവശ്യം. സംഘർഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷും ഇ.ടി.മുഹമ്മദ് ബഷീറും ലോക്സഭയിലും ഹാരിസ് ബീരാൻ രാജ്യസഭയിലും അടിയന്തര പ്രമേയ നോട്ടിസ് നൽകി.
ഏഴ് കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. ഇന്നലെയും ഇന്നുമായി നൂറോളം പേർ കസ്റ്റഡിയിലായി. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. പൊലീസ് റൂട്ട് മാർച്ച് നടത്തി. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. ആയിരത്തി അഞ്ഞൂറോളം പേർ മൂന്നിടങ്ങളിലായി അക്രമത്തിന്റെ ഭാഗമായി എന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.