ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, മതേതരം എന്നിവ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആമുഖം ഭേദഗതി ചെയ്യാന്‍ പാർലമെന്‍റിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്.  

ഭരണ ഘടനയുടെ 75-ാം വാര്‍ഷികവേളയില്‍ ഭരണഘടനാ മുല്യങ്ങള്‍  ഓര്‍മിപ്പിച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി.  'സോഷ്യലിസ്റ്റ്', 'സെക്യുലര്‍' എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തില്‍ ഉൾപ്പെടുത്തിയ 1976ലെ 42–ാം ഭേദഗതി ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതി തള്ളി. ഭരണ ഘടന ഭേദഗതിക്കുള്ള പാര്‍ലമെന്‍റിന്‍റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  

ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരിക്കെ എന്തിനാണ് ഇപ്പോൾ പ്രശ്നം ഉന്നയിക്കുന്നതെന്നും ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസംകൊണ്ട് ക്ഷേമരാഷ്ട്രം എന്നാണ് അർത്ഥമാക്കുന്നത്.   "മതേതരത്വം" ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് എസ്.ആർ.ബൊമ്മൈ കേസിൽ വിധിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളെ കേള്‍ക്കാതെയാണ് ഭേദഗതി നടത്തിയതെന്നും സോഷ്യലിസവും മതേതരവും നിയമവിരുദ്ധമായാണ് ആമുഖത്തില്‍ ചേര്‍ത്തതെന്നും  ചൂണ്ടിക്കാട്ടിയിയിരുന്നു ഹര്‍ജികള്‍.  സുബ്രഹ്മണ്യന്‍ സ്വാമിയും മറ്റു രണ്ട് അഭിഭാഷകരും നല്‍കിയ ഹര്‍ജികളെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

ENGLISH SUMMARY:

The Supreme Court has dismissed petitions challenging the inclusion of the terms Socialist and Secular in the Preamble of the Constitution.