വഖഫ് ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ കാലാവധി നീട്ടണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം ഇന്ന് ലോക്സഭ പരിഗണിക്കും. ജെ.പി.സി. അധ്യക്ഷന്‍ ജഗദംപികാപാല്‍ പ്രമേയം അവതരിപ്പിക്കും. ശീതകാല സമ്മേളനത്തില്‍ തന്നെ വഖഫ് ബില്‍ പാസാക്കുമെന്ന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജെ.പി.സി കാലാവധി നീട്ടാനുള്ള തീരുമാനം.
മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുപ്രചാരണ സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ് വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ തന്നെ പാസാക്കുമെന്ന്. ജെ.പി.സിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴും കാലാവധി നീട്ടേണ്ടതില്ല എന്ന ഉറച്ച നിലപാടിലായിരുന്നു അധ്യക്ഷന്‍ ജഗദംപികാപാലും. അപ്രതീക്ഷതിമായാണ് ഇന്നലെ തീരുമാനം മാറ്റിയത്.
അവസാന നിമിഷം ബി.ജെ.പി അംഗങ്ങള്‍ തന്നെ കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ടു എന്നത് നാടകീയത വര്‍ധിപ്പിക്കുന്നു. ബില്‍ ശീതകാല സമ്മേളനത്തില്‍ പാസാക്കുമെന്ന പ്രഖ്യാപനം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുള്ള നീക്കമായിരുന്നു എന്ന സംശയം ഇതോടെ ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. ഭരണ, പ്രതിപക്ഷങ്ങള്‍ക്ക് ഒരേ അഭിപ്രായമായതിനാല്‍ കാലാവധി നീട്ടാനുള്ള പ്രമേയം ഇന്ന് ലോക്സഭയില്‍ പാസാവും. അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ മാത്രമെ ഇനി ജെ.പി.സി. റിപ്പോര്‍ട്ട് പ്രതീക്ഷിക്കേണ്ടതുള്ളു