ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് തീരംതൊട്ടു. വൈകിട്ട് അഞ്ചരയോടെ പുതുച്ചേരിയില്‍ തീരംതൊട്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാട്, ആന്ധ്രാ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ കാറ്റും മഴയും വെള്ളക്കെട്ടുമുണ്ട്. ചെന്നൈ വിമാനത്താവളം പുലര്‍ച്ചെ നാലു വരെ അടച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കൺട്രോൾ റൂമിൽ നേരിട്ട് എത്തി സാഹചര്യം വിലയിരുത്തി.
തമിഴ്നാട്ടിൽ ചെന്നൈ അടക്കം13 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് ആണ്. ചെന്നൈ, ചെങ്കൽപ്പ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. രാവിലെ മുതൽ പെയ്ത മഴ ചെന്നൈ നഗരത്തിലാകെ വെള്ളക്കെട്ടുണ്ടാക്കി. 6 സബ്‌വേകൾ അടച്ചു.
കടൽക്ഷോഭം അതിരൂക്ഷമായി തുടരുന്നു. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. മഹാബലിപുരം - കാരയ്ക്കൽ വഴിയാകും ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടുക. മണിക്കൂറിൽ 90 കിലോമീറ്റർ വേഗം ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്
നിരവധി വിമാനങ്ങൾ റദ്ദാക്കി. മെട്രോ സർവീസുകൾ സാധാരണ നിലയിൽ ആണെങ്കിലും ട്രെയിൻ സർവീസുകളെയും റോഡ് ഗതാഗതത്തെയും മഴയും കാറ്റും സാരമായി ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കളക്ടർമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാകൂ എന്ന് നിർദേശമുണ്ട്.