ആദ്യത്തേത് സംഭവം നടന്ന എടിഎം പരിസരം; രണ്ടാമത്തേത് പ്രതീകാത്മക ചിത്രം

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് മൂലം തമിഴ്നാട്ടിലുണ്ടായ വെളളക്കെട്ടില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് അതിഥി തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശിയായ ചന്ദന്‍ ആണ് വെളളത്തില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ മുത്തിയാല്‍പേട്ടിലാണ് സംഭവം. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനായി പോകവെയാണ് ചന്ദന് ഷോക്കേറ്റത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ ചന്ദനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. പണം പിന്‍വലിക്കാന്‍ എടിഎമ്മിലെത്തിയ ചന്ദന്‍ എ.ടി.എം. കിയോസ്‌കിന്റെ വാതിലില്‍ പിടിച്ച് തളളിയപ്പോള്‍ നിലതെറ്റി താഴേക്ക് വീഴുകയായിരുന്നു. വീഴുന്നതിനിടയില്‍ തൊട്ടടുത്തുളള ഇരുമ്പുതൂണില്‍ പിടിച്ച ചന്ദന് ഉടനടി വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. തൊട്ടടുത്ത വൈദ്യുതപോസ്റ്റിലെ കേബിള്‍ വെളളത്തിലേക്ക് വീണുകിടന്നതാണ് പരിസരത്ത് വൈദ്യുതിപ്രവാഹമുണ്ടാകാന്‍ കാരണമായത്. 

വൈദ്യുതാഘാതമേറ്റ ചന്ദന്‍ തെറിച്ച് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേയ്ക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. സംഭവത്തില്‍ മുത്തിയാല്‍പേട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് തീരംതൊട്ടതോടെ തമിഴ്നാട്, ആന്ധ്രാ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ കാറ്റും മഴയും വെള്ളക്കെട്ടുമുണ്ട്. ചെന്നൈ വിമാനത്താവളം പുലര്‍ച്ചെ നാലു വരെ അടച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കൺട്രോൾ റൂമിൽ നേരിട്ട് എത്തി സാഹചര്യം വിലയിരുത്തി. 

ENGLISH SUMMARY:

Odisha Man Electrocuted, Body Thrown Into Flooded Chennai Road Near ATM