ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കെടുതികളില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 14 പേര്‍ മരിച്ചു. തിരുവണ്ണാമലെയില്‍ ഉരുള്‍പ്പൊട്ടലിലെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ഏഴുപേര്‍ മണ്ണനിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. വിഴുപുരവും കടലൂരും മഴക്കെടുതിയില്‍ നിന്ന് മുക്തമായിട്ടില്ല.
തിരുവണ്ണാമലെയില്‍ അണ്ണമലയാര്‍ മലയില്‍ ഇന്നലെയാണ് ഉരുള്‍പ്പൊട്ടിയത്. കൂറ്റന്‍ പാറകളും മണ്ണും കുതിച്ചെത്തി. മൂന്ന് വീടുകള്‍ മണ്ണിനടയിലാണ്. ഇതില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഇവരെ കണ്ടെത്തനായിട്ടില്ല. NDRF,SDRF സംഘങ്ങളും അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏറെ ദുഷ്കരമാണ് രക്ഷാപ്രവര്‍ത്തനം. എപ്പോള്‍ വേണമെങ്കിലും താഴേക്ക് പതിക്കാവുന്ന പാറകള്‍ കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മന്ത്രി ഇ.വി.വേലു രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഐഐടിയിലെ വിദഗ്ധരുടെ സഹായവുംതേടിയിട്ടുണ്ട്.
Also Read; കനത്ത മഴ; ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി
1965 ന്ശേഷം ജില്ല കണ്ട ഏറ്റവും വലിയ മഴയാണ് പെയ്തതെന്ന് മന്ത്രി ഇ.വി.വേലു പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ടായിരുന്നതിനാല്‍ 50 ലധികം പേരെ മാറ്റിയത് വലിയ അപകടം ഇല്ലാതാക്കി. കാണാതായവര്‍ വീട്ടില്‍ നിന്ന് മാറാന്‍ തയാറായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവിധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. രണ്ട് ഇടങ്ങളില്‍ കൂടി ഉരുള്‍പ്പൊട്ടിയിട്ടുണ്ട്.
50.3 സെന്റി മീറ്റര്‍ മഴയാണ് കൃഷണഗിരിയില്‍ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത്. ഊത്താങ്കരയില്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒഴുകിപ്പോയി. പോച്ചമ്പള്ളി പൊലീസ് സ്റ്റേഷനും മുങ്ങി. വീടുകളിലേക്കടക്കം വെള്ളം ഇരച്ചെത്തി. കലക്ടറടക്കമുള്ളവര്‍ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. വിഴുപുരത്തും കടലൂരിന്റെ ചില ഭാഗങ്ങളിലും ഇപ്പോഴും വെള്ളപ്പൊക്ക ദുരിതം തുടരുകയാണ്. വിഴുപുരത്ത് മാത്രം 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. വീടുകളിലും പാടശേഖരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
ചെന്നൈ നാഗര്‍കോവില്‍ വന്ദേഭാരത് അടക്കം 10 ട്രെയിനുകള്‍ റദ്ദാക്കി. വിഴുപുരത്ത് ട്രാക്കില്‍ വെള്ളം കയറി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിഴുപുരത്തെത്തി ജനങ്ങളെ കണ്ടു. സേലത്ത് യേര്‍ക്കാട് മണ്ണിടിച്ചില്‍ ഉണ്ടായി. പുതുച്ചേരിയില്‍ മഴ മാറിയതോടെ മിക്ക ഇടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങി. വൈദ്യുതിയും പുനസ്ഥാപിച്ച് കൊണ്ടിരിക്കുകയാണ്. മഴക്കെടുതികളില്‍പ്പെട്ടവര്‍ക്ക് പുതുച്ചേരി മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.