earthquake

TOPICS COVERED

തെലങ്കാനയില്‍ ഭൂചലനം. രാവിലെ 7.27ഓടെയാണ് മുളുഗു ജില്ലയില്‍ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പമാപിനിയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ തുടര്‍ചലനങ്ങള്‍ ഹൈദരാബാദിലുള്‍പ്പടെ അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ മറ്റ് അത്യാഹിതങ്ങളോ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൂട്ടം കൂടി നില്‍ക്കരുതെന്നും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ക്കടുത്ത് നില്‍ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

തെലങ്കാനയില്‍ അപൂര്‍വമായി മാത്രമേ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുള്ളൂവെന്നതിനാല്‍ ഇതിനെ ഗൗരവമായാണ് കാണുന്നതെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. 

നവംബര്‍ 30 ന് അസമിലെ കര്‍ബിയില്‍ 2.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. നവംബര്‍ 28ന് ജമ്മുകശ്മീരിലും 5.8 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായമോ സാരമായ നാശനഷ്ടങ്ങളോ ഉണ്ടായില്ല. അഫ്ഗാനിസ്ഥാനായിരുന്നു ഇതിന്‍റെ പ്രഭവകേന്ദ്രം. 

Google News Logo Follow Us on Google News