മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ത്യയ്ക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി. മാര്‍പാപ്പയ്ക്ക് ഒപ്പമുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. മാര്‍ കൂവക്കാടിന്‍റെ സ്ഥാനാരോഹണം കേരളത്തിന് അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.
ചങ്ങനാശ്ശേരി അതിരൂപതാംഗം ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് അടക്കം 21പേരാണ് കത്തോലിക്കാസഭയില്‍ മാര്‍പാപ്പ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പദവിയായ, സഭയുടെ രാജകുമാരന്‍മാരെന്ന പേരിലറിയപ്പെടുന്ന കര്‍ദിനാള്‍ പദവിയിലേക്ക് അവരോധിതരാകുന്നത്. വൈദികപദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് മാര്‍ ജോര്‍ജ് കൂവക്കാട്.
സ്ഥാനാരോഹണം ചെയ്യപ്പെടുന്ന 21 കര്‍ദിനാള്‍മാരില്‍ 20പേരും 80വയസിന് താഴെയുള്ളായതിനാല്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കേണ്ട സാഹചര്യത്തില്‍ ഇവര്‍ക്ക് കോണ്‍ക്ലേവില്‍ പങ്കെടുക്കാനാകും. 99 വയസുകാരന്‍ ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ് ആഞ്ചെലോ അസെര്‍ബിയാണ് കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നത്. 44കാരന്‍ യുക്രെനിയന്‍ ഗ്രീക്ക് സഭയിലെ ആര്‍ച്ച് ബിഷപ്പ് മികോല ബൈചോകാണ് ഏറ്റവും ജൂനിയര്‍.
ഇന്നത്തെ കര്‍മങ്ങള്‍ക്ക് േശഷം നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ അമലോല്‍ഭവ മാതാവിന്റെ തിരുന്നാള്‍ കുര്‍ബാനയില്‍ മാര്‍പാപ്പയ്ക്കൊപ്പം പുതിയ കര്‍ദിനാള്‍മാരും സഹകാര്‍മികരാകും. വത്തിക്കാനിലും സമീപരാജ്യങ്ങളിലുമുള്ള മലയാളികളടക്കം ഒട്ടേറെ വിശ്വാസികളാണ് കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയിരിക്കുന്നത്. 21പേര്‍കൂടി കര്‍ദിനാള്‍മാരാകുന്നതോടെ കത്തോലിക്കസഭയിലെ കര്‍ദിനാള്‍മാരുടെ എണ്ണം 256 ആയി ഉയരും. ഇതില്‍141പേരാണ് 80വയസിന് താഴെയുള്ളത്.