ടോയ്ലറ്റില് പോയ ശേഷം ഫ്ലഷ് ചെയ്യാന്‍ മറന്നെന്നാരോപിച്ച് 19കാരനെ അയല്‍വാസി കൊലപ്പെടുത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരേ കെട്ടിടത്തിലെ താമസക്കാരാണ് കൊല്ലപ്പെട്ട യുവാവും പ്രതിയും. കുടുംബാംഗങ്ങളിലൊരാള്‍ ടോയ്ലറ്റ് ഉപയോഗിച്ച ശേഷം വെളളം ഒഴിച്ചില്ലെന്ന് പറഞ്ഞ് തുടങ്ങിയ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്‍റെ കൂടെയുണ്ടായിരുന്ന സഹോദരനും സുഹൃത്തിനും കുത്തേറ്റെങ്കിലും ഇരുവരും ആക്രമിയില്‍ നിന്ന് രക്ഷപ്പെട്ടു.
ശനിയാഴ്ച്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട 19കാരന്‍ ഇ–റിക്ഷ ഓടിച്ച് ഉപജീവനം നടത്തിവരികയായിരുന്നു. ഇയാളും കുടുംബവും ഗോവിന്ദ്പുരിയിലെ വാടകക്കെട്ടിടത്തില്‍ ഒന്നാം നിലയിലാണ് താമസമാക്കിയിരുന്നത്. ഇതേ നിലയില്‍ തന്നെയാണ് പ്രതിയും കുടുംബവും കഴിഞ്ഞിരുന്നതും. ഇരുകൂട്ടര്‍ക്കുമായി ഒരു ടോയ്ലറ്റാണ് കെട്ടിടയുടമ നല്‍കിയിരുന്നത്. സംഭവദിവസം 19കാരന്‍റെ വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ടോയ്ലറ്റില് പോയ ശേഷം ഫ്ലഷ് ചെയ്തില്ലെന്ന് ആരോപിച്ച് പ്രതി രംഗത്തെത്തി. ഈ സമയത്ത് 19കാരനെ കാണാനായി സഹോദരനും സുഹൃത്തും വീട്ടിലെത്തിയിരുന്നു.
പ്രതിയും 19കാരനും തമ്മിലുളള വാക്കുതര്‍ക്കം പതിയെ സംഘര്‍ഷത്തിലേക്ക് വഴിമാറി. ഇതോടെ പ്രതി കത്തി ഉപയോഗിച്ച് 19കാരന്‍റെ മുഖത്തും നെഞ്ചിലും തലയിലും കുത്തിപ്പരുക്കേല്‍പ്പിച്ചു. പ്രശ്നം പരിഹരിക്കാനെത്തിയ19കാരന്‍റെ സുഹൃത്തിനെയും സഹോദരനെയും പ്രതി ആക്രമിച്ചു. പ്രതിയില്‍ നിന്നും രക്ഷപ്പെട്ട ഇരുവരും കെട്ടിടത്തിലെ മറ്റ് താമസക്കാര്‍ക്കടുത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം കെട്ടിടത്തിലെ മറ്റ് താമസക്കാര്‍ അറിഞ്ഞതോടെ പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശരീരം മുഴുവന്‍ രക്തവും മുറിവുകളുമായി രണ്ടുപേര്‍ നിലവിളിച്ച് ഓടിയെത്തി രക്ഷിക്കണമെന്ന് പറഞ്ഞതായി കെട്ടിടത്തിലെ താമസക്കാരിലൊരാള്‍ പൊലീസിന് മൊഴി നല്‍കി.
സംഭവം നടന്ന് രാത്രി 12 മണിയോടെയാണ് കൊലപാതകവിവരം പൊലീസ് അറിയുന്നത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട 19കാരന്‍റെ സഹോദരന്‍ അപകടനില തരണം ചെയ്തെങ്കിലും മൊഴിയെടുക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട 19കാരനും കുടുംബവും വര്‍ഷങ്ങളായി ഇതേ കെട്ടിടത്തിലെ താമസക്കാരാണ്. എന്നാല്‍ പ്രതിയും കുടുംബവും അടുത്തിടെയാണ് താമസത്തിനെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.