ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ് ഇന്നും നടപടികളിലേയ്ക്ക് കടന്നില്ല. ലോക്സഭയില്‍ ഭരണ–പ്രതിപക്ഷങ്ങള്‍ ഒരു പോലെ ബഹളം വച്ചു . ഭരണപക്ഷമാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജോര്‍ജ് സോറോസ്, അദാനി വിഷയങ്ങളില്‍ തട്ടിയാണ് രാജ്യസഭ പിരിഞ്ഞത്.
എല്ലാവരും മര്യാദ പാലിക്കണമെന്നും പുറത്തു നടത്തുന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സഭാ അന്തസിന് നിരക്കാത്തതാണെന്നുമുള്ള സ്പീക്കറുടെ പരാമര്‍ശത്തോടെയാണ് ലോക്സഭയില്‍ ചോദ്യോത്തര വേള തുടങ്ങിയത്. സ്പീക്കര്‍ പറഞ്ഞവസാനിപ്പിച്ചതും ഭരണപക്ഷത്തു നിന്ന് ബഹളം തുടങ്ങി. പാര്‍ലമെന്‍ററികാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അടക്കം എഴുനേറ്റ് നിന്ന് ബഹളം വച്ചു. ചോദ്യോത്തര വേള തടസപ്പെട്ടു. 12 മണിക്ക് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മര്‍ച്ചന്‍റ് ഷിപ്പിങ് ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബില്‍ പാസാക്കാനുള്ള പാര്‍ലമെന്‍റിന്‍റെ അധികാരം ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തു. മന്ത്രി ബില്‍ അവതരണവുമായി മുന്നോട്ടുനീങ്ങിയതോടെ ബഹളമായി. പ്രതിപക്ഷം രാജ്യ താല്‍പ്യത്തിന് ഒപ്പമല്ലെന്നും ജോര്‍ജ് സോറോസ്– കോണ്‍ഗ്രസ് ബന്ധത്തില്‍ മാപ്പുപറയണമെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടതോട കൂട്ടപ്പൊരിച്ചിലായി. സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ഭരണപക്ഷം ബോധപൂര്‍വം പ്രകോപിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ്. സഭ നടത്താന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. രാജ്യസഭയില്‍ ജോര്‍ജ് സോറോസ് – കോണ്‍ഗ്രസ് ബന്ധത്തില്‍ ചര്‍ച്ച വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് സഭാനേതാവ് ജെ.പി. നഡ്ഡ ആരോപിച്ചു. കോണ്‍ഗ്രസ് അംഗം പ്രമോദ് തിവാരി അദാനി വിഷയം ഉന്നയിച്ചു. ബഹളം ശക്തമായതോടെ രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ പാര്‍ലമെന്‍റിനു പുറത്ത് മോദിയുടെയും അദാനിയുടെയും ചിത്രങ്ങള്‍ പതിച്ച സഞ്ചിയുമായി പ്രതിപക്ഷം പ്രതിഷേധിച്ചു.