‘യാത്രയ്ക്കെടുത്തത് നാലുവര്‍ഷം! ഇന്ത്യന്‍ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വൈകിയ ട്രെയിൻ!’ കഴിഞ്ഞ കുറേ ദിവസങ്ങളായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്തയാണിത്. വിശാഖപട്ടണത്തു നിന്നും 2014 നവംബർ 10ന് പുറപ്പെട്ട ചരക്ക് തീവണ്ടി ബസ്തി റെയില്‍വേ സ്റ്റേഷനിൽ എത്താൻ എടുത്തത് ഏകദേശം നാല് വർഷത്തിലധികം സമയമാണെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ വ്യക്തതവരുത്തി എത്തിയിരിക്കുകയാണ് കേന്ദ്രത്തിൻ്റെ ഫാക്റ്റ് ചെക്ക് യൂണിറ്റായ പിഐബി.
2014ൽ ബസ്തിയിലെ ബിസിനസുകാരനായ രാമചന്ദ്ര ഗുപ്ത, വിശാഖപട്ടണത്തെ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡിൽ നിന്ന് 14 ലക്ഷം രൂപയുടെ ഡയമോണിയം ഫോസ്ഫേറ്റിന് (ഡിഎപി) ഓർഡർ നൽകിയിരുന്നു. ഈ 1,316 ചാക്ക് ഡി-അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) വളവമായിരുന്നു ഇതിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നു. 42 മണിക്കൂറും 18 മിനിറ്റും മാത്രമാണ് വിശാഖപട്ടണത്തു നിന്നും ഉത്തര്‍ പ്രദേശിലെ ബസ്തിയിലേക്കുള്ള യാത്രയ്ക്ക് വേണ്ടത്. എന്നാല്‍ നാലുവര്‍ഷം എടുത്തതായാണ് കണ്ടെത്തല്‍! രാമചന്ദ്ര ഗുപ്ത നിരവധി പരാതികൾ നൽകിയതിന് പിന്നാലെ യാത്രയ്ക്കിടെ ട്രെയിൻ അപ്രത്യക്ഷമായെന്നും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്നാല്‍ ഈ വാര്‍ത്തകള്‍ തള്ളുകയാണ് പിഐബി. ഇതുസംബന്ധിച്ച പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പിഐബി പറയുന്നു. ഇന്ത്യൻ റെയിൽവേയിലെ ഒരു ഗുഡ്‌സ് ട്രെയിനും ലക്ഷ്യസ്ഥാനത്ത് എത്താൻ ഇത്രയും സമയം എടുത്തിട്ടില്ലെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിക്കുന്നത്.