ദുര്‍ഗന്ധം വമിക്കുന്ന കടല വാങ്ങാന്‍ വിസമ്മതിച്ച ട്രെയിന്‍ യാത്രക്കാരെ കുത്തി വീഴ്ത്തി കച്ചവടക്കാരന്‍. പുരി-അഹമ്മദാബാദ് എക്‌സ്‌പ്രസിന്‍റെ ജനറൽ കംപാര്‍ട്ടുമന്‍റില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ട്രെയിനിനുള്ളില്‍ അനധികൃത കച്ചവടം നടത്തുന്ന യുവാക്കളിലൊരാളാണ് ആക്രമിച്ചത്.
ട്രെയിന്‍ വാര്‍ധ സ്റ്റേഷനിലെത്തിയപ്പോഴാണ് പഴകിയ കടല വില്‍ക്കാന്‍ ഹർഷൽ തിവാരെ കംപാര്‍ട്മെന്‍റില്‍ കയറിയത്. കടല കേടായതാണെന്ന് പറഞ്ഞ് യാത്രക്കാര്‍ തര്‍ക്കിച്ചതോടെ കച്ചവടക്കാരന്‍ ഉള്ളി അരിയാനായി കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. 2 യാത്രക്കാര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് ഇയാള്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു. പരുക്കേറ്റ ഭൂപേന്ദ്ര ധന്വാനി (33), സോനു മൗരിയ (25) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാർധയിലെ സാവാംഗി മേഘലയിലെ സമതാ നഗർ നിവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. അനധികൃത കച്ചവടക്കാരെ തടയുന്നതിനായി സെൻട്രൽ റെയിൽവേ അധികൃതർ നാഗ്പൂർ ഡിവിഷനിലുടനീളം ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള വെണ്ടർ മാനേജ്മെന്‍റ് സംവിധാനം നടപ്പിലാക്കിയതിന് പിന്നെയാണ് സംഭവം. അനധികൃത കച്ചവടക്കാർക്കായി കൊമേഴ്‌സ്യൽ ഇൻസ്‌പെക്ടർമാരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) ചേര്‍ന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഡ്രൈവ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഇതിനകം നാഗ്പൂർ-വാർധ സെക്ഷനിൽ അഞ്ച് അനധികൃത കച്ചവടക്കാരെ പുരി-അഹമ്മദാബാദ് എക്‌സ്പ്രസിൽ നിന്ന് പിടികൂടി വാർധയിലെ ആർപിഎഫിന് കൈമാറിയിട്ടുണ്ട്. ട്രെയിനുകള്‍ വേഗത കുറച്ച് സഞ്ചരിക്കുന്ന ഡയമണ്ട് ക്രോസിങ് സെക്ഷന് സമീപം വച്ചാണ് അനധികൃത കച്ചവടക്കാർക്ക് ട്രെയിനിൽ കയറുകയും ഭക്ഷണം വില്‍ക്കുകയും ചെയ്യുന്നത്.