രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്‍റ് ഭീകരാക്രമണം നടന്നിട്ട് 23 വര്‍ഷം. 2001 ഡിസംബര്‍ 13ന് നടന്ന ആക്രമണത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. അഞ്ച് ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു. അന്ന് എം.പിയായിരുന്ന രമേശ് ചെന്നിത്തല ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ്.
കാറിനുള്ളില്‍ അഞ്ച് ഭീകരരും 30 കിലോ സ്ഫോടക വസ്തുക്കളും. പതിനാലാം നമ്പര്‍ ഗെയ്റ്റായിരുന്നു ലക്ഷ്യമെങ്കിലും അതിനടുത്തുണ്ടായിരുന്ന ബാരിക്കേഡില്‍തട്ടി വാഹനം നിന്നു. കണക്കുകൂട്ടല്‍ തെറ്റിയതോടെ കാറിന് പുറത്തിറങ്ങി വെടിയുതിര്‍ത്ത ഭീകരര്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ വിവിധ കവാടങ്ങള്‍ ലക്ഷ്യമാക്കി ഓടി. അതിനേക്കാള്‍ ചടുലമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍. വാതിലുകളെല്ലാം നിമിഷനേരത്തിനുള്ളില്‍ അടഞ്ഞു. പിന്നാലെ സുരക്ഷാസേനയുടെ വെടിയുണ്ടകള്‍ ഭീകരരെ വീഴ്ത്തി. ഇതിനിടയ്ക്ക് ഒരു ചാവേര്‍ പൊട്ടിത്തെറിച്ചു. സഭ നേരത്തെ പിരിഞ്ഞിരുന്നെങ്കിലും ആക്രമണം നടക്കുമ്പോള്‍ മന്ത്രിമാരടക്കം നൂറോളം പേര്‍ അകത്തുണ്ടായിരുന്നു.
അന്നത്തെ സംഭവത്തിന് ശേഷം പാര്‍ലമെന്‍റില്‍ സുരക്ഷ കൂട്ടി. പക്ഷേ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വീണ്ടുമുണ്ടായി ആക്രമണം. ഇത്തവണ ലോക്സഭയ്ക്കുള്ളിലായിരുന്നു. സന്ദര്‍ശക ഗാലറിയില്‍നിന്ന് സ്മോക് ഗണ്ണുമായി രണ്ടുപേര്‍ സഭയ്ക്കുള്ളിലേക്ക് ചാടി. ജീവാപായമുണ്ടായില്ല. പ്രതികളെ ഉടന്‍ പിടികൂടുകയും ചെയ്തു.