ഉത്സവകാലം അടുത്തതോടെ ബെംഗളൂരു-ചെന്നൈ മലയാളികള്‍ നാട്ടിലേക്കെത്താന്‍ വഴിയില്ലാതെ വലയുന്നു. ട്രെയിനുകളിലും ബസുകളിലും റിസര്‍വേഷന്‍ മാസങ്ങള്‍ക്കു മുന്‍പേ പൂര്‍ത്തിയായി. സ്വകാര്യ ബസുകള്‍ നിരക്കുകള്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ചതോടെ കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ മാസശമ്പളം ടിക്കറ്റിനായി മാറ്റിവെക്കേണ്ട ഗതികേടിലാണ്. ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ കാലുകുത്താന്‍ പോലും ഇടവുമില്ല.
ബെംഗളൂരു മലയാളികളുടെ ദുരിതം
നഗരങ്ങളില്‍ ജോലിക്കും മറ്റുമായി താമസിക്കുന്ന മലയാളികള്‍ ഗതികേടിലാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാല്‍ യാത്രയുടെ പേരിലുള്ള കൊളളയടി നിശബ്ദം സഹിക്കുകായാണ്. നെട്ടോട്ടമാണ് എങ്ങനെയെങ്കിലും നാടുപിടിക്കാന്‍. ഇതുവരെ സ്വരുകൂട്ടിയ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് നാട്ടില്‍ പോയി വരാന്‍ ചെലവാകുമെന്നതോര്‍ത്ത് യാത്ര മാറ്റിവയ്ക്കുന്ന കുടുംബങ്ങളുടെ ദയനീയത ഒരുവശത്ത്.
ബെംളുരുവില്‍ നിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളുടെ നിലവിലെ റിസര്‍വേഷന്‍ ചാര്‍ട്ടില്‍ സ്ലീപ്പറെന്നോ എസിയെന്നോ വ്യത്യാസമില്ലാതെ ഇനിയുള്ള രണ്ടാഴ്ചക്കാലത്തേക്കുള്ള ടിക്കറ്റുകളെല്ലാം വെയിറ്റിങ് ലിസ്റ്റിലാണ്. പിന്നെയുള്ള മാര്‍ഗം ബസാണ്. അവിടെയാകട്ടെ പിടിച്ചുപറിയാണ്. തോന്നും പോലൊണ് നിരക്ക്. അത്യാവശ്യം വരുമാനമുള്ളവര്‍ക്കു പോലും വിമാനത്തില്‍ നാട്ടില്‍പോയി വരാമെന്നു വച്ചാല്‍ യാത്രക്കു മാത്രം അരലക്ഷമെങ്കിലും വേണ്ടിവരും. ഇരുന്നോ നിന്നോ ട്രെയിനുകളുടെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി വീടു പിടിക്കാമെന്നൊന്നും ഉപദേശിക്കരുത്. അതി ശോചനീയമാണ് അവസ്ഥ.
ചെന്നൈ മലയാളികളുടെ ദുരവസ്ഥ
എല്ലാ ഉല്‍സവകാലങ്ങളിലും യാത്ര പ്രശ്നം പരിഹരിക്കാനുള്ള മുറവിളി ഉയരും. പരിഹാരം കാണേണ്ടവര്‍ മാത്രം കണ്ടില്ലെന്നു നടിക്കും. 17 ലക്ഷത്തിലധികം മലയാളികളുള്ള ചെന്നൈയിലെ സാഹചര്യവും വ്യത്യസ്തമല്ല. പോക്ക് തെക്കോട്ടായാലും വടക്കോട്ടായാലും വെയിറ്റിങ് ലിസ്റ്റില്‍ തട്ടിനില്‍ക്കും. പല ട്രെയിനുകളിലേയും സ്ലീപ്പറിന്റെ വെയ്റ്റിങ് ലിസ്റ്റൊക്കെ ഇങ്ങനെ സെഞ്ചുറി അടിച്ച് നില്‍പ്പാണ്. എന്നാല്‍പ്പിന്നെ പോക്ക് ബസിലാക്കിയാലോ എന്ന് വിചാരിച്ചാലും ടിക്കറ്റ് നിരക്ക് കണ്ടാല്‍ ആ തീരുമാനം സ്പോട്ടില്‍ പിന്‍വലിക്കേണ്ട അവസ്ഥയാണ്. കോയമ്പേടില്‍ നിന്ന് തൃശൂരിലേക്കുളള ടിക്കറ്റിന് 3000 മുതല്‍ 4000 വരെയാണ് ഈടാക്കുന്നത്. പിന്നെയുള്ള ഓപ്ഷന്‍ വിമാനമാണ്. ഈ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള നിരക്ക് 10000 മുതല്‍ 17,000 വരെ. ഉല്‍സവ കാലങ്ങളില്‍ നാട്ടിലേക്ക് വരുന്നതില്‍ വലിയൊരു ശതമാനവും കുടുംബവുമായി വരുന്നവരാണ്. ഈ വിമാന നിരക്കും ബസ് നിരക്കും എങ്ങനെയാണ് സാധാരണക്കാര്‍ താങ്ങുക.
ഈ വിലയൊക്കെ കണ്ട് ട്രെയിനില്‍ സെക്കന്‍ഡ് ക്ലാസ് എങ്കില്‍ സെക്കന്‍ഡ് ക്ലാസ് എന്ന് കരുതി വരാമെന്ന് കരുതിയിലാല്‍ തിങ്ങി ഞെരുങ്ങി ഒരു പരുവമാകാന്‍ മനസ് കൊണ്ടും ശരീരം കൊണ്ടും തയാറെടുക്കേണ്ടിവരും. ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു സാധാരണ വീക്കന്‍ഡില്‍ വന്‍ തിരക്കാണ്. അപ്പോള്‍ ക്രിസ്മസ്, ന്യൂയര്‍ തിരക്ക് എത്രയുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു.