ബെംഗളൂരുവില്‍ ഭാര്യക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ വിഡിയോ റെക്കൊര്‍ഡ് ചെയ്ത ശേഷം ഓട്ടോമൊബൈൽ കമ്പനി എക്‌സിക്യൂട്ടീവ് ജീവനൊടുക്കി. ഉത്തർപ്രദേശിൽ നിന്നുള്ള 34 കാരനായ അതുല്‍ സുഭാഷിനെയാണ് തിങ്കളാഴ്ച പുലർച്ചെ മാറത്തഹള്ളി മൂന്നേക്കോളലിലെ അപ്പാർട്ട്‌മെൻ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഡിയോയ്ക്ക് പുറമേ 24 പേജുള്ള ആത്മഹത്യാ കുറിപ്പും അതുല്‍ എഴുതിയിതായി കണ്ടെത്തിയിട്ടുണ്ട്.
യുവാവിനെതിരെ ഭാര്യയും ബന്ധുക്കളും പൊലീസില്‍ എട്ടോളം പരാതികൾ നല്‍കിയിട്ടുണ്ടെന്നും. ഇത്തരത്തിലുള്ള ഗാർഹിക പ്രശ്‌നങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും പുറമെ ജൗൻപൂരിലെ ജഡ്ജിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിഡിയോയിൽ ഉന്നയിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ നീതിന്യായ വ്യവസ്ഥയെ വിമർശിക്കുകയും കള്ളക്കേസുകള്‍ എടുത്തുകാട്ടുകയും ചെയ്തുകൊണ്ട് രാഷ്ട്രപതിയെ അഭിസംബോധന ചെയ്ത ഒരു കത്തും കണ്ടെത്തിയിച്ചുണ്ട്. തന്‍റെ ഭാര്യ നല്‍കിയ കേസുകളിലൊന്നിലും താൻ കുറ്റക്കാരനല്ലെന്നും കള്ളക്കേസുകളിൽ തന്നെയും മാതാപിതാക്കളെയും സഹോദരനെയും പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അതുല്‍ അഭ്യര്‍ത്ഥിക്കുന്നു.
2019ലായിരുന്നു അതുലിന്‍റെ വിവാഹം. അടുത്ത വർഷം ദമ്പതികൾക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു. ഭാര്യയുടെ കുടുംബം നിരന്തരം പണം ആവശ്യപ്പെടാറുണ്ടെന്നും ലക്ഷങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും അതുല്‍ ആരോപിക്കുന്നു. കൂടുതൽ പണം നൽകാൻ വിസമ്മതിച്ചതോടെ 2021ൽ ഭാര്യ മകനെയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയി. അടുത്ത വർഷം ഭാര്യ തനിക്കും കുടുംബത്തിനുമെതിരെ കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം തുടങ്ങി ഒന്നിലധികം വകുപ്പുകൾ പ്രകാരം കേസ് നല്‍കിയതായി അതുല്‍ പറയുന്നു. അതുല്‍ 10 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഇത് ഭാര്യാപിതാവിനെ സമ്മർദ്ദത്തിലാക്കിയെന്നും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നുമാണ് ഭാര്യ നല്‍കിയ പരാതികളില്‍ പറയുന്നത്. എന്നാല്‍ ഭാര്യാപിതാവ് കഴിഞ്ഞ 10 വർഷമായി ഹൃദ്രോഗം, പ്രമേഹം മുതലായവയ്ക്ക് എയിംസിൽ നിന്ന് ചികിത്സയിലായിരുന്നെന്നും അതുലിന്‍റെ കുറിപ്പിലുണ്ട്.
കേസ് ഒത്തുതീർപ്പാക്കാൻ ഭാര്യയും കുടുംബവും ആദ്യം ആവശ്യപ്പെട്ടത് ഒരു കോടി രൂപയായിരുന്നു. എന്നാൽ പിന്നീട് 3 കോടി രൂപ വേണെന്നായി. കള്ളക്കേസുകൾ കാരണം പുരുഷന്മാർ ആത്മഹത്യ ചെയ്യുകയാണെന്ന് ജഡ്ജിയോട് പറഞ്ഞപ്പോൾ ഭാര്യ ചോദിച്ചു പിന്നെ നിങ്ങളെന്തുകൊണ്ട് ചെയ്യുന്നില്ല എന്ന്. ഇത് കേട്ട് ജഡ്ജി ചിരിക്കുകയായിരുന്നുവെന്നും അതുല്‍ വെളിപ്പെടുത്തുന്നു. കേസ് തീർപ്പാക്കാൻ 5 ലക്ഷം രൂപ ജഡ്‍ജി ആവശ്യപ്പെട്ടതായും അതുൽ ആരോപിച്ചു. ഒരിക്കല്‍ ഭാര്യയുടെ അമ്മയുമായി സംസാരിക്കുമ്പോള്‍ താന്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നില്ലെന്ന് അവരും ചോദിച്ചതായി അതുല്‍ പറയുന്നു. താൻ മരിച്ചാൽ എങ്ങനെ പണം കിട്ടുമെന്ന് ചോദിച്ചപ്പോള്‍ പണം നിങ്ങളുടെ അച്ഛൻ നൽകും നിനക്ക് ശേഷം നിന്‍റെ മാതാപിതാക്കളും മരിക്കും നിന്‍റെ ഭാര്യയ്ക്ക് പണവും ലഭിക്കുമെന്നും അവര്‍ പറഞ്ഞതായി അതുല്‍ പറയുന്നു.
പിരിഞ്ഞതിന് ശേഷം തന്‍റെ മകനെ കാണാൻ ഭാര്യയും കുടുംബവും അനുവദിച്ചില്ലെന്നും അതുൽ പറയുന്നു. ‘ഞാൻ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രയധികം എന്നെയും എന്‍റെയും കുടുംബത്തെയും ഉപദ്രവിക്കുകയും കൊള്ളയടിക്കുകയും ചെയ്യും, മുഴുവൻ നിയമവ്യവസ്ഥയും അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തനിക്ക് നീതി കിട്ടും വരെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ കോടതിയുടെ പുറത്തെ ഓടയിൽ തള്ളണമെന്നും ഈ രാജ്യത്ത് നീതിക്കുള്ള വില മനസിലാക്കാനാണിതെന്നും അതുല്‍ പറയുന്നു. കഴിയുമെങ്കിൽ തന്‍റെ മാതാപിതാക്കളെ പിന്തുണയ്ക്കാൻ അഭ്യര്‍ത്ഥിച്ച് എൻജിയോക്കുള്ള കത്തും കണ്ടെത്തിയിട്ടുണ്ട്്. അതുലിന്റെ ഭാര്യ തനിക്കും മാതാപിതാക്കൾക്കുമെതിരെ കള്ളക്കേസുകൾ നൽകിയെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സഹോദരൻ ബികാസ് കുമാറും പൊലീസിനോട് പറഞ്ഞു.
ഗാർഹിക പീഡനവും അനുബന്ധ പ്രശ്‌നങ്ങളും നേരിടുന്ന പുരുഷൻമാരുടെ അവസ്ഥയെ കുറിച്ച് ഒരു എൻജിഒയ്ക്ക് ഞായറാഴ്ച രാത്രി അതുൽ ഇമെയിൽ അയച്ചിരുന്നു. ആത്മഹത്യാ പ്രവണതയുടെ ലക്ഷണങ്ങളും അദ്ദേഹത്തിന്‍റെ ഇമെയില്‍ ഉണ്ടായിരുന്നു. ഇമെയില്‍ ലഭിച്ച ഉടനെ എൻജിഒ ജീവനക്കാർ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് അതുലിന്‍റെ അപ്പാർട്ട്‌മെന്‍റിലെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എക്സിലൂടെയാണ് അതുല്‍ വിഡിയോ പങ്കുവച്ചത്. വിഡിയോയില്‍ ഇലോൺ മസ്‌കിനെയും ഡൊണാൾഡ് ട്രംപിനെയും ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ മരിച്ചിട്ടുണ്ടാകും. ഇന്ത്യയിൽ നടക്കുന്നത് പുരുഷന്‍മാരുടെ നിയമപരമായ വംശഹത്യയാണ്. ഇതില്‍ നിന്നും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനും ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും ഞാന്‍ അഭ്യര്‍ഥിക്കുന്നു’ എന്നാണ് അതുലിന്‍റെ പോസ്റ്റ്.