17കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ആറുപേരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 56കാരനായ മുത്തശ്ശനെയും 7വയസുള്ള കൊച്ചുമകനെയും ഉള്‍പ്പെടെ ആറുപേരെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ രാവിലെ 10.11നാണ് സംഭവം. 7വയസുകാരനായ മന്നത്തിനെ കയ്യിലെടുത്തായിരുന്നു മുത്തശ്ശന്‍ രാജേഷ് കുമാര്‍ കമ്ര നടന്നത്.
കുതിച്ചുപാഞ്ഞെത്തിയ കാര്‍ രാജേഷ് കുമാറിനെ ഇടിച്ച ശേഷം കുഞ്ഞിനെയും കൊണ്ടാണ് മുന്നോട്ട് കുതിച്ചത്. സമീപത്തു സംസാരിച്ചു നില്‍ക്കുകയായിരുന്ന മറ്റു നാലുപേരെയും കാര്‍ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്‍പോട്ട് പോയാണ് നിന്നത്. കാറിന്റെ വരവ് കണ്ട് മാറാന്‍ ശ്രമിച്ചെങ്കിലും രാജേഷിനും കൊച്ചുമകനും നേരെ പാഞ്ഞെത്തുകയായിരുന്നു. ഇടതുവശത്തു കൂടി സഞ്ചരിക്കുകയായിരുന്ന കാര്‍ പൊടുന്നനെയാണ് റോഡിന്റെ വലതുവശത്തേക്ക് കുതിച്ചു പാഞ്ഞെത്തിയത്.
കാറിന്റെ പിന്‍ചക്രത്തിനടിയില്‍പെട്ട കുഞ്ഞിനെ നാട്ടുകാര്‍ പുറത്തെടുക്കുകയായിരുന്നു. കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് 17കാരനെ അറസ്റ്റ് ചെയ്തു. കാറുടമയ്ക്കെതിരെയും പൊലീസ് നടപടിയാരംഭിച്ചു. അപകടത്തില്‍ പരുക്കേറ്റ ആറുപേരും ചികിത്സയിലാണ്.