ജന്മദിനവും ക്രിസ്തുമസും ന്യൂഇയറും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പറന്നെത്തിയവർ. എന്നാൽ ഇന്ന് നാടും വീടും അവരെ ഓർത്ത് കണ്ണീരിൽ മുങ്ങുന്ന ഹൃദയഭേദകമായ കാഴ്ച. നൊമ്പരമാവുകയാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട നവദമ്പതിമാരും അച്ഛന്മാരും. ഇന്ന് അനുവിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് അപകടം ഉണ്ടായത്. Read More : ‘110 കിമീ ഓടിക്കാന്‍ എനിക്ക് 3 മണിക്കൂര്‍, അവര്‍ക്ക് 2 മണിക്കൂര്‍ മതി’; ബിജുവിന്റെ ഡ്രൈവിങ് വേഗത്തെക്കുറിച്ച് അയല്‍ക്കാരന്‍
മല്ലശ്ശേരി മുക്കിൽ പുത്തൻതുണ്ടിയിൽ വീട്ടിൽ നിഖിലും , പുത്തൻവിള കിഴക്കേതിൽ അനുവും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസം മുപ്പതിനായിരുന്നു. ഏറെക്കാലമായുള്ള പ്രണയം സഫലമായി ഒന്നിച്ചുള്ള ജീവിതത്തിലേക്ക് കൈ പിടിച്ചപ്പോൾ മരണം. വിവാഹശേഷം മലേഷ്യയിൽ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികൾ അപകടത്തിൽപ്പെട്ടത്. ഇരുവരേയും സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും അച്ഛന്മാരും അപകടത്തിൽ മരിച്ചു. മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജു പി ജോർജ്ജും തീരുമാനിച്ചിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട് എത്തുന്നതിന് എഴ് കിലോമീറ്റർ മുൻപ് അപകടം സംഭവിക്കുകയായിരുന്നു.
സെൻറ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിലെ അംഗങ്ങളാണ് രണ്ടു കുടുംബങ്ങളും. ബിജു കഴിഞ്ഞദിവസം പള്ളിയിലെ ക്രിസ്മസ് കാരൾ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. മലേഷ്യയിൽ നിന്ന് വരുന്ന മക്കളെ വിളിക്കാൻ വിമാനത്താവളത്തിൽ പോകുമെന്നും ബിജു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അങ്ങനെ നിഖിലിന്റെ പിതാവ് മത്തായി ഈപ്പനെയും കൂട്ടിയാണ് മക്കളെ വിളിക്കാൻ ബിജു കാറോടിച്ചു പോയത്.നിഖിലിനൊപ്പം എംഎസ്ഡബ്ലിയു പഠിച്ച അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. കുടുംബജീവിതത്തിന്റെ സന്തോഷം ആസ്വദിക്കും മുൻപേ ആണ് അനുവിന്റെയും നിഖിലിന്റെയും വേർപാട്. രണ്ടു വീടുകൾ ഒന്നിച്ചു ചേർന്നതിന്‍റെ മധുരം നുണയും മുൻപേ ആണ് നാലുപേരുടെ മരണം.