പുഷ്പ–2വിന്റെ പ്രീമിയര്‍ ഷോക്കിടെ ആരാധിക തിക്കിലും തിരക്കിലുംപെട്ടു മരിച്ച കേസിലെ പ്രതിയായ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനെതിരെ കടുപ്പിച്ച് തെലങ്കാന സര്‍ക്കാര്‍. ഇടക്കാല ജാമ്യം നല്‍കിയ ഹൈക്കോടതി ഏകാംഗ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. അതേസമയം അപകടത്തില്‍ പരുക്കേറ്റു ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ അല്ലു അര്‍ജുന്‍ സന്ദര്‍ശിക്കാത്തതും വന്‍ വിവാദമായി.
ആരാധിക തിക്കിലും തിരക്കിലുംപെട്ടു മരിച്ച കേസില്‍ അല്ലു അര്‍ജുനെ വെറുതെ വിടില്ലെന്നുറപ്പിച്ചിരിക്കുകയാണു തെലങ്കാന സര്‍ക്കാര്‍.താരത്തിനു നാലാഴ്ച്ചത്തെ ഇടക്കാല ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.സൂപ്പര്‍ സ്റ്റാര്‍ ജാമ്യത്തില്‍ പുറത്തു നില്‍ക്കുന്നതു പരാതിക്കാരനെ സ്വാധീനിക്കുമെന്നാണു സര്‍ക്കാര്‍ വാദം.അല്ലുഅര്‍ജുന്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം പരാതിക്കാരനായ മരിച്ച യുവതിയുടെ ഭര്‍ത്താവ് കേസ് പിന്‍വലിക്കാന്‍ തയാറാണന്നറിയിച്ചെ ത്തിയത് ഇതിനു തെളിവായും സര്‍ക്കാര്‍ വിശദീകരിക്കുന്നു.അതേസമയം കോടതിയുടെ വാക്കാല്‍ നിര്‍ദേശം മറികടന്നു ഒരുദിവസം ജയിലില്‍ കിടത്തിയതിനെതിരെ അല്ലു അര്‍ജുന്റെ കുടുംബവും നിയമ നടപടിക്കു നീക്കം തുടങ്ങി.അപകടത്തില്‍ പരുക്കേറ്റു കോമയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിക്കാന്‍ അല്ലു അര്‍ജുന്‍ തയാറാവത്തതിനെതിരെ പ്രതിഷേധം കനത്തു. തുടര്‍ന്നു കേസ് തുടരുന്നതിനാലാണ് കുട്ടിയ സന്ദര്‍ശിക്കാത്തതെന്ന് അല്ലു അര്‍ജുന്‍ വിശദീകരണ കുറിപ്പിറക്കി.കുട്ടിയുടെ ചികിത്സയ്ക്കും കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും താരം ഉറപ്പുനല്‍കി.