പാർലമെന്റിൽ അവതരിപ്പിച്ച ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലിനെ കുറിച്ച് പഠിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതിയിലേക്കുള്ള (ജെപിസി) ലോക്സഭാംഗങ്ങളെ പ്രഖ്യാപിച്ചു. ബി.െജ.പി അംഗം പി.പി.ചൗധരിയാണ് അധ്യക്ഷന്‍. പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, സുഖ്ദിയോ ഭഗത്ത് എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍. ലോക്സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10പേരും സമിതിയില്‍ ഉണ്ട്. ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിന്മേൽ മണിക്കൂറുകളോളം രൂക്ഷമായ വാദപ്രതിവാദമാണു നടന്നത്. 269 എംപിമാർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 198 പേർ എതിർത്തു. തുടർന്നാണു ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടത്. പാർട്ടി വിപ് നൽകിയിട്ടും ‘ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ്’ ബിൽ അവതരണ സമയത്ത് ലോക്സഭയിൽ 20 ബിജെപി അംഗങ്ങൾ ഉണ്ടായിരുന്നില്ല. പങ്കെടുക്കാത്ത അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകും. നിതിൻ ഗഡ്ഗരി അടക്കമുള്ള മന്ത്രിമാരും ബിൽ അവതരിപ്പിക്കുമ്പോൾ സഭയിലെത്തിയില്ല.