ഭര്‍ത്താവിനെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ ജാമ്യത്തുക കണ്ടെത്താനായി കുഞ്ഞിനെ വിറ്റ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. റയില്‍വേ പരിസരത്തുനിന്നും മോഷണം നടത്തിയകേസിലാണ് യുവതിയുടെ ഭര്‍ത്താവ് പൊലീസിന്റെ പിടിയിലാകുന്നത്. മുംബൈയിലാണ് സംഭവം. ഭര്‍ത്താവിന് ജാമ്യത്തുക കണ്ടെത്താനായി 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്കാണ് ഇവര്‍ വിറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെ കൂടാതെ എട്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം കുഞ്ഞിന്റെ വില്‍പനയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍ ഇതിനുപിന്നില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിനു ബന്ധമുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. . യുവതി ഗര്‍ഭിണിയായിരിക്കെ തന്നെ ജയിലിലുള്ള ഭര്‍ത്താവിനെ വന്നുകണ്ട് ഭാവിപദ്ധതികള്‍ തയ്യാറാക്കിയെന്നാണ് സൂചന. അതിനുശേഷമാണ് കുഞ്ഞിനെ വില്‍ക്കുന്ന നടപടികളിലേക്ക് നീങ്ങിയത്.
മനീഷ യാദവ് എന്ന യുവതിയുടെ അമ്മായിഅമ്മയാണ് പണത്തിനായി കുഞ്ഞിനെ വിറ്റതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ബംഗളൂരുവിലേക്കാണ് യുവതി കുഞ്ഞിനെ വില്‍പന നടത്തിയത്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംഘവുമായി ഈ സംഭവത്തിനു ബന്ധമുണ്ടെന്ന സംശയത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു . മനീഷ യാദവിനൊപ്പം വീട്ടുജോലിക്കാരിയായ സുലോചന കാംബ്‌ലെയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ വില്‍പന നടത്താന്‍ മനീഷയ്ക്ക് സഹായങ്ങള്‍ നല്‍കിയതിന്റെ പേരിലാണ് സുലോചന അറസ്റ്റിലായത്. ഒരു നഴ്സ്, കല്യാണ ബ്രോക്കര്‍, ഏജന്റ് ഉള്‍പ്പെടെ എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.